തിരുവനന്തപുരം: ശബരിമലയില്‍ മേല്‍ശാന്തിയായി ബ്രാഹ്മണര്‍ അല്ലാത്തവരെ കൂടി പരിഗണിക്കണമെന്ന് വിഷയം സജീവമായി ഉന്നയിച്ച് ബിഡിജെഎസ്‌. എന്നാല്‍ ബ്രാഹ്മണപൂജയാണ് ശബരിമലയിലെ അംഗീകൃത സമ്പ്രദായമെന്ന നിലപാടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് മാറ്റം ആലോചിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. 'ശബരിമല അയ്യപ്പന് അയിത്തമോ' എന്ന വിഷയം എടുത്ത് എന്‍.ഡി.എയുടെ ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. പ്രക്ഷോഭം തുടങ്ങിയെങ്കിലും ബി.ജെ.പി. അടക്കം മൗനത്തിലാണ്.  

ബ്രാഹ്മണപൂജയാണ് ശബരിമലയിലെ സമ്പ്രദായം. പൂജാവിധി പഠിച്ചവരെ ജാതിവ്യത്യാസമില്ലാതെ ശബരിമലയിലെ മേല്‍ശാന്തി നിയമനത്തിന് പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നത് ബി.ജെ.പിയുടെ ഘടകകക്ഷിയായ, തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസ്. ആണ്.

ശബരിമല വിഷയങ്ങളില്‍ ജാഗ്രതക്കുറവുമൂലം കൈപൊള്ളിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അബ്രാഹ്മണ ശാന്തികാര്യത്തില്‍ എടുത്തുചാട്ടമില്ല. അതിനാല്‍ ഹൈക്കോടതി അംഗീകരിച്ച ബ്രാഹ്മണപൂജാ സമ്പ്രദായത്തിനൊപ്പമാണ് ബോര്‍ഡ് എന്ന് ദേവസ്വം പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ഒരു വിഭാഗത്തിനും എതിര്‍പ്പില്ലെങ്കില്‍ സമവായത്തിലൂടെ മാറ്റം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'മലയാള ബ്രാഹ്മണര്‍ ആയിരിക്കണം ശബരിമലയിലെ മേല്‍ശാന്തി എന്നാണ് ആ ഗൈഡ് ലൈനില്‍ പറഞ്ഞിരിക്കുന്നത്. എടുത്തുചാടി ഒരു തീരുമാനം എടുക്കാന്‍ സാധിക്കില്ല. ഏകപക്ഷീയമായ ഒരു നിലപാടും ഇക്കാര്യത്തിലുണ്ടാവില്ല'- അദ്ദേഹം പറഞ്ഞു. 

എന്‍.ഡി.എയില്‍ ആലോചിച്ചല്ല, ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. വിഷയത്തില്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. ശബരിമലയിലെ ആചാരം വൈകാരികമായി ഉന്നയിക്കുന്ന ബി.ജെ.പി. ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ അബ്രഹ്മണ പൂജാ വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. അതിനാല്‍ ശബരിമലയില്‍ പുതിയ വിവാദത്തിനുള്ള കളമൊരുക്കലാണെന്ന സംശയത്തിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും.

content highlights: demand arises to appoint non brahmin as head priest in sabarimala