തിരുവനന്തപുരം: ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽ​ഹി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

To advertise here,

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഡൽഹി സേക്രഡ് ഹാർട്ട് പള്ളിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡൽ​ഹി പൊലീസ് നടപടി പ്രതിഷേധാർഹമാണ്. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ല.

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണം നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ചടങ്ങുകള്‍ പള്ളിയില്‍ മാത്രമാക്കി ഒതുക്കിയിരുന്നു. നിശ്ചയിച്ചപോലെ പ്രദക്ഷിണം നടത്താന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ വ്യക്തമാക്കി. പള്ളിക്കകത്തുവെച്ച് നിശ്ചയിച്ച സമയത്തുതന്നെ പ്രദക്ഷിണം നടത്തി. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയതുകൊണ്ടാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ മറുപടി. സുരക്ഷ ശക്തമാക്കാനിടയായ സാഹചര്യം എന്തെന്ന ചോദ്യത്തിന് അത് മാധ്യമങ്ങൾക്കറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.