തിരുവനന്തപുരം: ഡല്‍ഹിയില്‍ മലയാളി  വിദ്യാര്‍ത്ഥി രജത്തിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ നീതിപൂര്‍വ്വമായ അന്വേഷണം നടത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു.

അന്വേഷണം കാര്യക്ഷമമല്ലെന്ന് തുടക്കം മുതല്‍ റിപ്പോര്‍ട്ടുകള്‍ ഉള്ളതിന്റെ പശ്ചാത്തലത്തിലാണ് കത്തയയ്ക്കാന്‍ തീരുമാനിച്ചത്. ഡല്‍ഹി മലയാളികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന ഇടപെടലുണ്ടാകണമെന്നും കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹി മയൂര്‍വിഹാര്‍ ഫേസ് ത്രീയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത്ത് (15) ആണ് മരിച്ചത്. പാന്‍മസാല വില്‍പനക്കാരുടെ മര്‍ദനമേറ്റാണ് രജത്ത് മരിച്ചത്.

സംഭവത്തില്‍ പാന്‍മസാല വില്‍പനക്കാരനെയും രണ്ടു മക്കളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.