
കെ. സുധാകരൻ | Photo: ANI
തിരുവനന്തപുരം: കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി.
ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സി പി എമ്മെന്നും അദ്ദേഹം ആരോപിച്ചു. മധുവിനെ ആള്‍ക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഇപ്പോള്‍ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നു. ഇനിയെങ്കിലും ദളിത് വിരോധം അവസാനിപ്പിക്കാന്‍ സിപിഎമ്മിനോട് കെപിസിസി ആവശ്യപ്പെടുന്നു.
കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും ഭരണപക്ഷ എംഎല്‍എ അപമാനിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. സി പി എം നടത്തിയ ദീപുവിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത സാംസ്ക്കാരിക നായകര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണകൂടത്തിന്റെ എച്ചില് നക്കി ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നവര്‍ കടുത്ത അനീതികള്‍ കണ്ടാലും പ്രതികരിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദളിതരുടേത്. കൊടിയ അനീതികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദളിത് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സുധാകരന് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..