കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ നിലപാടിലുറച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍. ശനിയാഴ്ചത്തെ മുഖപ്രസംഗത്തിലാണ് പത്രം ബിഷപ്പിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയത്. ബിഷപ്പിന്റെ വിവാദ പ്രസംഗത്തിന്റെ പൂർണരൂപവും ദീപിക എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  സമകാലിക കേരള സമൂഹവും ക്രൈസ്തവ സമുദായും നേരിടുന്ന ഗൗരവ പ്രശ്‌നങ്ങളിലേക്കാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ വിശ്വാസിസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്. ഭീഷണികൊണ്ട് നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കുമെന്നും 'അപ്രിയ സത്യങ്ങള്‍ ആരും പറയരുതെന്നോ' എന്ന പേരില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു.

'സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ബിഷപ്പ് ശ്രമിച്ചു എന്നാണ് ചിലരുടെ ആരോപണം. സമുദായ സൗഹാര്‍ദത്തിന്റെ അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് ആരാണ്? ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകള്‍ കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരുന്നാല്‍ എല്ലാവര്‍ക്കും സ്‌നേഹവും സന്തോഷവുമാണ്. എന്നാല്‍ സമൂഹനന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകള്‍ക്കു ചിലപ്പോള്‍ അപ്രിയ സത്യങ്ങള്‍ തുറന്നു പറയേണ്ടിവരും.' - ദീപിക മുഖപ്രസംഗത്തില്‍ പറഞ്ഞു.

പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവുകല്‍ ബിഷപ്പ് ഹാജരാക്കണമെന്നാണ് ചിലരുടെ ആവശ്യമെന്നും പത്രം ചൂണ്ടിക്കാട്ടി. വസ്തുതകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് അദ്ദേഹം അത് പറഞ്ഞത്. എന്നാല്‍ കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തി തെളിവ് കണ്ടെത്തണ്ടത് പോലീസാണ്. ഭീഷണികൊണ്ട് നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കും. തങ്ങള്‍ക്കിഷ്ടമില്ലാത്തത്  പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ടു നിശബ്ദരാക്കാന്‍ നോക്കുന്നവരല്ലേ യഥാര്‍ഥത്തില്‍ സൗഹാര്‍ദം തകര്‍ക്കുന്നതെന്നും പത്രം മുഖപ്രസംഗത്തിൽ ചോദിച്ചു.  

മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍ പറഞ്ഞത് 

കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കലാണ്. അങ്ങനെ പറയുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യമുണ്ട്. പ്രായംകുറഞ്ഞ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, ട്രെയിനിങ് സ്ഥാപനങ്ങൾ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചു കാത്തിരിക്കുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍പ്പെട്ട ചിലരെ മതപരിവര്‍ത്തനം നടത്തി അഫ്ഗാനിസ്താനിലേക്കു കൊണ്ടുപോയ സംഭവങ്ങള്‍ കണ്‍മുന്നിലുണ്ട്. 

കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവച്ചുകൊണ്ട് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമകളാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങള്‍ കേരളത്തില്‍ പലയിടത്തായി പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധം ചെയ്യാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടര്‍ക്കുള്ളത്. 

മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയും ഉണ്ടെന്നും മുന്‍ ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞിട്ടുണ്ട്. 

നാര്‍ക്കോട്ടിക് ജിഹാദെന്ന് കേള്‍ക്കുന്നത് ആദ്യമായിയെന്ന് മുഖ്യമന്ത്രി

നാര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായി കേള്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിഷപ്പ് ഇത്തരമൊരു പ്രസ്താവന നടത്തിയത് ഏത് സാഹചര്യത്തിലാണെന്നും ഉദ്ദേശിച്ചത് എന്താണെന്നും വ്യക്തമല്ല. സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നാര്‍ക്കോട്ടിക് എന്ന വാക്കിന് ഏതെങ്കിലുമൊരു മതത്തിന്റെ നിറം ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമില്ല. അതിന്റെ നിറം സാമൂഹിക വിരുദ്ധതയാണ്. നാര്‍ക്കോട്ടിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒരു പ്രത്യേക സമുദായത്തെ മാത്രം ബാധിക്കുന്നതല്ല. സമൂഹത്തെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ നിയമനടപടികള്‍ ശക്തമാക്കുകയാണ് ചെയ്തു വരുന്നത്. ഒരു മതവും മയക്കുമരുന്നിനെയോ അതിന്റെ ഉപയോഗത്തേയോ പ്രോത്സാഹിപ്പിക്കുന്നില്ല. നാര്‍ക്കോട്ടികുമായി ബന്ധപ്പെട്ട് എല്ലാ ജനവിഭാഗത്തിനും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പ്രസ്താവന അതിരു കടന്നുപോയെന്ന് പ്രതിപക്ഷ നേതാവ് 

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരു കടന്നുപോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മതമേലധ്യക്ഷന്മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്ന് പറഞ്ഞു. ജാതിയും മതവും തിരിച്ച് കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനുമേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. 
കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരിവസ്തുക്കളുടെ ഉപയോഗം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ആക്രമണം തുടങ്ങിയ നീചമായ സംഭവങ്ങള്‍ ദിവസവും അരങ്ങേറുന്നു. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണ വിവേചനത്തിന് തുല്യമാണെന്നും സതീശന്‍ ആരോപിച്ചു.

വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി

ജിഹാദ് രാജ്യദ്രോഹം, പാലാ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ല. സത്യം മൂടിവെക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണ്. ലൗ ജിഹാദിനു പുറമെ നാര്‍കോട്ടിക്ക്  ജിഹാദും ഉണ്ടെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ പ്രസംഗം അതീവ ഗൗരവമുള്ളതാണ്. ഇത് കേവലം സാമുദായിക വിഷയമല്ല. ലൗജിഹാദിലൂടെ മതംമാറ്റമല്ല നടക്കുന്നത്. ഒരാള്‍ ജിഹാദിയായി രാജ്യദ്രോഹത്തിന് തയ്യാറെടുക്കുകയാണ്.

തെളിവുകള്‍ പുറത്തുവിടണമെന്ന് എസ്.കെ.എസ്.എസ്.എഫ്.

മുസ്ലിം സമുദായത്തിനെതിരേ ദുരാരോപണമുയര്‍ത്തി പാലാ ബിഷപ്പ് മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. ബിഷപ്പ് ഉന്നയിക്കുന്ന ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് എന്നിവയുടെ തെളിവുകള്‍ പുറത്തുവിടണം. മുസ്ലിങ്ങളെ സംശയത്തിന്റെ നിഴലില്‍നിര്‍ത്തി വിദ്വേഷ പ്രചാരണം നടത്തുന്ന ബിഷപ്പിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങള്‍ കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കും. രോഗവും ദാരിദ്ര്യവും ചൂഷണംചെയ്ത് മിഷണറി പ്രവര്‍ത്തനം നടത്തുന്നത് ആരൊക്കെയാണെന്ന് കേരളീയര്‍ക്കറിയാം. സംസ്ഥാനത്ത് വിവിധ സമുദായങ്ങള്‍ക്കിടയില്‍ നടന്ന മിശ്രവിവാഹങ്ങളുടെ വിശദമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും യോഗം ആവശ്യപ്പെട്ടു.

Content Highlights: Deepika Newspaper support Pala Bishop Mar Joseph Kallarangatt on 'narcotic jihad' remark