കോട്ടയം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക. തീവ്രവാദികളെ ഭയന്ന് നടത്തിയതാകാം മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ദീപിക പറയുന്നു. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും ഇതുവരെ നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് കേരളത്തിലെ മുഖ്യമന്ത്രി കേട്ടിട്ടില്ല. കേരളാ കോണ്‍ഗ്രസ് മാണികൂടി ഉള്‍പ്പെട്ടതാണ് മുന്നണി. മുഖ്യമന്ത്രി പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കില്‍ ജോസ് കെ.മാണി തുറന്നു പറയേണ്ടതുണ്ടെന്നും 'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന ലേഖനത്തില്‍ ദീപിക  ആവശ്യപ്പെട്ടു. 

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.ടി. തോമസ് എന്നിവര്‍ക്കെതിരേയും ലേഖനത്തില്‍ വിമര്‍ശമുണ്ട്. ' കോണ്‍ഗ്രസ് നേതാക്കളായ വി.ഡി.സതീശനും പി.ടി. തോമസും പിതാവിന്റെ വാക്കുകളെ അപലപിച്ചു. സതീശന്‍ പ്രതിപക്ഷ നേതാവാണ്. കേരളത്തിലെ ജനാധിപത്യ മുന്നണിയുടെ നേതാവ് കേരളാ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ചേര്‍ന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാകണം പറയേണ്ടത്. വിയോജിപ്പുള്ള ഘടകകക്ഷികള്‍ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്തവര്‍ സതീശനൊപ്പമെന്ന് കരുതേണ്ടിവരും.' - ലേഖനം പറയുന്നു. 

മുന്‍ എംഎല്‍എ കെ.എസ്. ശബരീനാഥനേയും ലേഖനം വിമര്‍ശിക്കുന്നു. പാലാ ബിഷപ്പ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസുകാരെ വിമര്‍ശക്കാന്‍ ശബരീനാഥന്‍ അടക്കമുള്ള നേതാക്കള്‍ തിടുക്കംകാട്ടി. പാലായിലെ യൂത്ത് കോണ്‍ഗ്രസുകാരെ ശബരീനാഥന് അറിയണമെന്നില്ല. നൂലില്‍കെട്ടി ഇറക്കപ്പെട്ടവനാണല്ലോ അദ്ദേഹം. പാലായിലെ കോണ്‍ഗ്രസുകാരെ പുറത്താക്കിയാല്‍ അവര്‍ക്ക് ഒന്നുമില്ലെന്നും കോണ്‍ഗ്രസിന് ഏറെ ഉണ്ടാകുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കി. 

Content Highlights: Deepika newspaper against  Pinarayi Vijayan on Narcotic Jihad Remark