കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയെ രൂക്ഷമായി വിമര്‍ശിച്ച് ദീപികയില്‍ ലേഖനം. കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പപ്പെടുമ്പോള്‍ എന്ന തലക്കെട്ടില്‍ നോബിള്‍ പാറയ്ക്കല്‍ ദീപികയുടെ എഡിറ്റോറിയല്‍ പേജില്‍ എഴുതിയ ലേഖനത്തിലാണ് സിസ്റ്റര്‍ ലൂസിക്കെതിരെ രൂക്ഷ വിമര്‍ശനമുള്ളത്. അതേ സമയം ലേഖനത്തില്‍ സിസ്റ്റര്‍ ലൂസിയുടെ പേരെടുത്ത് പറയുന്നില്ല.

പൊതു സമൂഹത്തില്‍ ഈ കന്യാസ്ത്രീ സന്ന്യാസത്തെ വീണ്ടും അപഹാസ്യ വിഷയമാക്കുമ്പോള്‍ യഥാര്‍ത്ഥ സത്യങ്ങള്‍ ആരും മറക്കാതിരിക്കട്ടെ എന്ന് പറഞ്ഞാണ് വിമര്‍ശനങ്ങളത്രയും. 

അടുത്ത നാളുകളില്‍ ജലന്ധര്‍ രൂപതാധ്യക്ഷനു നേരെ പരാതികളുന്നയിച്ചുകൊണ്ട് ഒരു സന്യാസിനി നല്‍കിയ പരാതിയെത്തുടര്‍ന്ന് എറണാകുളം കേന്ദ്രമാക്കി നടന്ന സമരത്തില്‍ സഭാധികാരികളുടെ അനുവാദമില്ലാതെ (തൃശൂരില്‍ പോകുന്നുവെന്ന് പറഞ്ഞാണ് മഠത്തില്‍നിന്ന് ഇറങ്ങുന്നത്) ഈ കന്യാസ്ത്രീ പങ്കെടുത്തു. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ അവിടെ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളില്‍ ലേഖനങ്ങളായി നല്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവര്‍ മാധ്യമശ്രദ്ധയിലേക്കു വരുന്നത്. ചില ചാനലുകള്‍ പ്രത്യേക താത്പര്യമെടുത്തു ചാനല്‍ റേറ്റിംഗ് മുന്നില്‍ക്കണ്ടു കന്യാസ്ത്രീയെ ഉപകരണമാക്കി മാറ്റി എന്നതാണ് സത്യം. 

അടുത്ത കാലത്തു ക്രൈസ്തവ സഭാനേതൃത്വത്തെയും പൗരോഹിത്യത്തെയും അടിസ്ഥാനമില്ലാതെയും കേട്ടുകേള്‍വികളുടെ മാത്രം വെളിച്ചത്തിലും അശ്ലീലം കലര്‍ന്ന പദങ്ങളുപയോഗിച്ചും വിമര്‍ശിക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നതിനും ഏവരും മൂകസാക്ഷികളാണ്. ഏറ്റവുമൊടുവില്‍ ഈ കന്യാസ്ത്രീ സന്യാസവസ്ത്രം മാറ്റി ചുരിദാര്‍ ധരിച്ചു വളരെ വികലമായ ആക്ഷേപവും ഉന്നയിച്ചു സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും മാധ്യമശ്രദ്ധയില്‍ വന്നു. എന്നാല്‍, മാധ്യമശ്രദ്ധയിലേക്ക് ഇവരെ കൊണ്ടുവന്ന മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നുമല്ല സന്യാസിനി സഭ ഇവര്‍ക്കുമേല്‍ കാനോനികമായ നടപടിക്രമം കൈക്കൊള്ളാനുള്ള പ്രധാന കാരണങ്ങളെന്നും ലേഖനത്തില്‍ പറയുന്നു.

ഫ്രാങ്കോയ്‌ക്കെതിരായ സമരവുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ ലൂസിയോട് മദര്‍ സുപ്പീരിയര്‍ ജനറല്‍ വിദശീകരണം ആവശ്യപ്പെട്ടിരുന്നു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തതിനും വിശദീകരണം ആവശ്യപ്പെട്ടുള്ളതായിരുന്നു നോട്ടീസ്. ഈ നടപടി സ്വീകരിക്കാനിടയായതടക്കം വിശദമാക്കിയാണ് ലേഖനം. വിശദീകരണം ആവശ്യപ്പെട്ടുള്ള കത്ത് മാധ്യമങ്ങള്‍ നല്‍കിയത് തന്നെ സഭയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധവും അസ്വീകാര്യമാണ്. ആ കത്തിന്റെ ഉള്ളടക്കവും സാരവും അതിന്റേതായ അര്‍ഥത്തില്‍ മനസിലാക്കാന്‍ സാധ്യതയില്ലാത്ത ഒരു പൊതു ഇടത്തിലേക്കു ചര്‍ച്ചയ്ക്കു വച്ചുകൊടുത്തതു തന്നെ ഇത്രയും കാലം തുടര്‍ന്ന അനുസരണക്കേടിന്റെയും അപക്വമായ പെരുമാറ്റത്തിന്റെയും തുടര്‍ച്ച മാത്രമാണെന്നും ലേഖനത്തില്‍ പറയുന്നു.

ഇത്തരത്തില്‍ പത്രങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതില്‍ ഖേദമുണ്ട്. താന്‍ അച്ചക്കലംഘനം നടത്തിയിട്ടില്ല. വിമര്‍ശനങ്ങളില്‍ തളരില്ലെന്നും സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

Content Highlights: Deepika news paper article against Sister lucy-franco mulakkal