രമേശ് ചെന്നിത്തല| Photo: Mathrubhumi
കൊല്ലം: മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മത്സ്യസമ്പത്ത് അമേരിക്കല്‍ കമ്പനിക്ക് വിറ്റ് കാശാക്കാനും മത്സ്യത്തൊഴിലാളികളെ പട്ടിണിക്കിടാനും വേണ്ടി സര്‍ക്കാര്‍ നടത്തിയ വന്‍ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
'ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ്. മന്ത്രിക്ക് ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ വസ്തുതാപരമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. 2018 ന്യൂയോര്‍ക്കില്‍ വെച്ച് ഇഎംസിസിയുമായി മന്ത്രി ചര്‍ച്ച നടത്തിയെന്നത് സത്യമാണ്. കമ്പനി പ്രതിനിധികളുമായി ക്ലിഫ് ഹൗസിലെത്തി വിശദമായ ചര്‍ച്ച നടത്തുകയും പദ്ധതി രേഖ ആവശ്യപ്പെടുകയും ചെയ്തിട്ട് മത്സ്യനയത്തിന് വിരുദ്ധമായതിനാല്‍ അവരെ തിരിച്ചയച്ചു എന്ന് പറയുന്നത് നുണയാണ്. ചെന്നിത്തല പറഞ്ഞു.
പദ്ധതിയുടെ രൂപരേഖ നല്‍കിയപ്പോള്‍ മത്സ്യനയത്തിന് എതിരാണെന്ന് എന്തുകൊണ്ടാണ് പറയാതിരുന്നത്? മുഖ്യമന്ത്രിയെ കാണാന്‍ എന്തിനാണ് കമ്പനി പ്രതിനിധികളെ ക്ലിഫ് ഹൗസില്‍ കൊണ്ടുപോയത്? മത്സ്യനയത്തിന് വിരുദ്ധമാണ് പദ്ധതിയെന്ന് മുഖ്യമന്ത്രിക്കും ഫിഷറീസ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനും എന്തുകൊണ്ട് ബോധ്യപ്പെട്ടില്ല? കമ്പനിയുടെ വിശ്വാസ്യതയെ കുറിച്ച് കേന്ദ്രത്തിന് കത്ത് അയച്ചത് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായല്ലേ എന്നും ചെന്നിത്തല ചോദിച്ചു.
കേരളത്തിന്റെ മത്സ്യസമ്പത്ത് കൊളളയടിക്കാനുളള നീക്കം പ്രതിപക്ഷം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ ഇതിന് അംഗീകാരം കൊടുക്കുമായിരുന്നു. അമേരിക്കന്‍ കമ്പനിക്ക് ഒത്താശ ചെയ്തുകൊടുക്കാന്‍ ശ്രമിച്ചിട്ട് പ്രതിപക്ഷ നേതാവ് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞാല്‍ ആരുവിശ്വസിക്കും.
കരാര്‍ പിന്‍വലിച്ചതുകൊണ്ട് കാര്യമില്ല. കെ.എസ്.ഡി.ഐ.സിയുമായി നടത്തിയ 5000 കോടിയുടെ ധാരണാപത്രം റദ്ദാക്കണം. മുഖ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരും പങ്കാളികളായതിനാല്‍ ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്നും രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പൂന്തുറയില്‍ സത്യാഗ്രഹം അനുഷ്ഠിക്കാനും പ്രതിപക്ഷ നേതാവ് തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Deep Sea fishing MoU: Ramesh Chennithala Press Meet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..