തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു കളയണമെന്ന ആവശ്യവുമായി നടൻ പൃഥ്വിരാജ് രംഗത്ത്. #DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ സോഷ്യൽ മീഡിയയിൽ കൂടിയായിരുന്നു പൃഥ്വിയുടെ അഭിപ്രായപ്രകടനം.

വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വർഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അർഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാർഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാൻ വേണ്ടി. പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 

#DecommisionMullaperiyarDam എന്ന ഹാഷ്ടാഗിൽ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുന്നത്. 

കനത്ത മഴയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടി കഴിഞ്ഞതായാണ് വിവരം. ഈ സാഹചര്യത്തില്‍ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. 138 അടിയിലെത്തുമ്പോള്‍ രണ്ടാം മുന്നറിയിപ്പ് നല്‍കും. 140 അടിയിലെത്തിയതിന് ശേഷമാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിർദ്ദേശങ്ങള്‍ നല്‍കുക. എന്നാൽ മുല്ലപ്പെരിയാർ ഡാം തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയത്. 

ശനിയാഴ്ച ഉച്ചയോടെ തൊടുപുഴ നഗരത്തില്‍ രണ്ട് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴ പെയ്തു. നഗരത്തില്‍ പലയിടങ്ങളിലും കെ.കെ.ആര്‍ ജംഗ്ഷനിലെ മൂന്ന് വീടുകളിലും വെള്ളം കയറി. മൂന്ന് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെയുള്ളവരെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മാറ്റിപ്പാര്‍പ്പിച്ചു.

Content highlights: Decommission mullaperiyar dam - Prithviraj Sukumaran