പി.ചിദംബരം, മുഖ്യമന്ത്രി പിണറായി വിജയൻ |Photo:mathrubhumi|PTI
ന്യൂഡല്‍ഹി: സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയേയും ബാര്‍ കോഴക്കേസില്‍ രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഇത്തരം ക്രൂരമായ തീരുമാനങ്ങളെ തന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. 'സാമൂഹിക മാധ്യമങ്ങളില്‍ 'കുറ്റകരം'ആയ പോസ്റ്റിട്ടാല്‍ അഞ്ചു വര്‍ഷം തടവ് നല്കുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്'.
'അതുപോലെ അന്വേഷണ ഏജന്‍സി നാല് തവണ അവസാനിപ്പിച്ച് റിപ്പോര്‍ട്ട് ചെയ്ത കേസില്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേര്‍ക്കാന്‍ ശ്രമിച്ചതും ഞെട്ടിച്ചു. എന്റെ സുഹൃത്ത് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങനെ പ്രതിരോധിക്കും', ചിദംബരം ട്വീറ്റ് ചെയ്തു.
പോലീസ് നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. നിയമം പോലീസിന് അമിതാധികാരം നല്‍കുന്നതിനൊപ്പം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടത്.
ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ വിജിലന്‍സിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Content Highlights: decisions of the Kerala government are shocking-p chidambaram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..