തിരുവനന്തപുരം: കേന്ദ്ര സർക്കാർ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് കര്‍ഷക സമരത്തിന്റെ വിജയമാണെന്ന് എളമരം കരീം എംപി. യുപി- ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഒളിച്ചോട്ടം. ബില്ലുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ഭീരുത്വത്തില്‍ നിന്നുണ്ടായതാണെന്നും അല്ലാതെ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കര്‍ഷകര്‍ ഒറ്റക്കെട്ടായി നടത്തിയ സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഖാലിസ്ഥാന്‍ തീവ്രവാദികളാണ്, മാവോവാദികളാണ്, അര്‍ബന്‍ നക്‌സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിക്കുകയും പോലീസിനെ ഉപയോഗിച്ച് ശക്തമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ഹരിയാനയില്‍ പോലീസ് അതിക്രമത്തില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടു. ലഖിംപുരില്‍ വാഹനമിടിച്ചുകയറ്റി കര്‍ഷകരെ കൊലപ്പെടുത്തി. സമര കേന്ദ്രങ്ങളിലും ആയിരത്തോളം കര്‍ഷകരാണ് കൊല്ലപ്പെട്ടത്. കടുത്ത പ്രയാസങ്ങള്‍ അതിജീവിച്ചുകൊണ്ടാണ് സമരങ്ങള്‍ തുടര്‍ന്നുവന്നത്. 

ഒരു വര്‍ഷത്തിനിടയില്‍ ഒരു തവണ പോലും കര്‍ഷകസംഘടനാ പ്രതിനിധികളോട് സംസാരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. കൃഷിവകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയെങ്കിലും അതിലൊന്നും ഒരു തീരുമാനവുമെടുക്കാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. സുപ്രീം കോടതി നിയമം സ്‌റ്റേ ചെയ്യുകയും ഒരു കമ്മീഷനെ വെക്കാന്‍ തീരുമാനിക്കുകയും ചെയ്തു. പക്ഷേ, കമ്മീഷനുമായി സഹകരിക്കെണ്ട എന്ന തീരുമാനമാണ് കര്‍ഷകസംഘടനകള്‍ എടുത്തത്. 

കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം തിരഞ്ഞെടുപ്പികള്‍ വലിയ തിരിച്ചടിയാണ് ബിജെപിക്ക് നേരിട്ടത്. കഴിഞ്ഞ പാര്‍ലമെന്റ്-അസംബ്ലി ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കടുത്ത തിരിച്ചടിയുണ്ടായി. വരാന്‍ പോകുന്ന യുപി, ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പുകളിൽ  പരാജയപ്പെടുമെന്ന ഭീതിയെ തുടര്‍ന്നാണ് ഈ ഒളിച്ചോട്ടം. അല്ലാതെ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനല്ല. ബിജെപിയെ തോല്‍പിക്കാനായി സംയുക്ത കര്‍ഷകസമിതി മിഷന്‍ യുപി, മിഷന്‍ ഉത്തരാഖണ്ഡ് എന്നിങ്ങനെ രണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായതാണ് ഈ പിന്നോക്കം- എളമരം കരീം പറഞ്ഞു.

കര്‍ഷകരുടെ നിശ്ചയധാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രം മുട്ടുമടക്കി- തോമസ് ഐസക്ക് 

കര്‍ഷകരുടെ നിശ്ചയധാര്‍ഢ്യത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയെന്ന് തോമസ് ഐസക്ക്. ഒരു വര്‍ഷം വേണ്ടിവന്നു അതിന്. ഇതിപോലൊരു സമരം ലോകചരിത്രത്തില്‍തന്നെ അപൂര്‍വമാണ്. എല്ലാത്തരത്തിലുള്ള അടവുകളും കേന്ദ്രസര്‍ക്കാര്‍ പയറ്റി നോക്കി. ഏറ്റവും അവസാനം സംഘര്‍ഷം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള ചെയ്തികള്‍ വരെ. അതൊക്കെ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. ഈ സമരവുമായി മുന്നോട്ട് പോയിട്ടുണ്ടെങ്കില്‍ യുപി-പഞ്ചാബ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വില കൊടുക്കേണ്ടി വരുമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈപ്പോള്‍ ഈ പിന്‍മാറ്റം. സ്വകാര്യ വല്‍ക്കരണമടക്കമുള്ള തെറ്റായ നയങ്ങള്‍, തൊഴിലാളി നിയമ ഭേദഗതി അടക്കമുള്ളവ ചെറുക്കുന്നവര്‍ക്ക് വലിയ ആവേശം പകരുന്ന കാര്യമാണ്. 

പാര്‍ലമെന്റിലെ അംഗബലംകൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്താനാകില്ല -എ.വിജയരാഘവന്‍ 

വലിയ ജനകീയ ഐക്യത്തിന്റെ വിജയംകൂടിയാണിതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ഇന്ത്യക്ക് പുറത്തും ശ്രദ്ധയാകര്‍ഷിച്ച സമരമാണിത്. ധനമുതലാളിത്വത്തിന്റെ താല്പര്യം സംരക്ഷിക്കുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തുകയും സാധാരണ ജനങ്ങളെ വിസ്മരിക്കുകയും ചെയ്യുന്ന നയത്തിനെതിരായ ഇന്ത്യയിലെ പൊരുതുന്ന ജനത നേടിയ വിജയംകൂടിയാണ്. രാജ്യത്തിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രത്തില്‍ ആവേശകരമായ മുന്നേറ്റത്തിന്റെ വഴിതുറക്കുത് കൂടിയാണ് ഈ സമരവിജയം. പാര്‍ലമെന്റിലെ അംഗബലംകൊണ്ട് ജനങ്ങളെ പൂര്‍ണമായും അടിച്ചമര്‍ത്താനാകില്ല എന്നതിന്റെ ഉദാരണമാണിത്.