പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന്‍ തീരുമാനം. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ല. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിങ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിലാണ് തീരുമാനം. കൂടുതല്‍ നേരം മയോണൈസ് വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാല്‍ ഈ നിര്‍ദേശത്തോട് എല്ലാവരും യോജിച്ചു.
ആരോഗ്യ സംരക്ഷണത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണം പാഴ്സല്‍ കൊടുക്കുമ്പോള്‍ നല്കുന്ന സമയവും എത്ര നേരത്തിനുള്ളില്‍ ഉപയോഗിക്കണം എന്നതും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പതിപ്പിക്കണം. ആ സമയം കഴിഞ്ഞ് ആ ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല. എല്ലാ സ്ഥാപനങ്ങളും രജിസ്ട്രേഷനോ ലൈസന്‍സോ എടുക്കണം. ഭക്ഷ്യസുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന ഹൈജീന്‍ റേറ്റിങ്ങില്‍ എല്ലാ സ്ഥാപനങ്ങളും സഹകരിക്കേണ്ടതാണ്. ശുചിത്വം ഉറപ്പാക്കി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ നല്ല രീതിയില്‍ അവതരിപ്പിക്കാനുമുള്ള ഒരിടം കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.
എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. എല്ലാവരും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. സ്ഥാപനം ചെറുതോ വലുതോ എന്നല്ല, ശുചിത്വം വളരെ പ്രധാനമാണ്. ഭക്ഷ്യസുരക്ഷാ രംഗത്ത് സംഘടനാ പ്രതിനിധികള്‍ സഹകരണം ഉറപ്പ് നല്കി. സംഘടനകള്‍ സ്വന്തം നിലയില്‍ ടീം രൂപീകരിച്ച് പരിശോധിച്ച് പോരായ്മകള്‍ നികത്തുകയും ശുചിത്വം ഉറപ്പ് വരുത്തുകയും ചെയ്യും. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Content Highlights: decision taken to not serve mayonnaise made of raw egg
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..