ന്യൂഡല്‍ഹി:  കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് തീരുമാനം വൈകും. ഇക്കാര്യത്തില്‍ കേരളത്തിന്റെ ആവശ്യത്തിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ തീരുമാനമെടുത്തേക്കില്ല. തിരഞ്ഞെടുപ്പ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. 

ബിഹാര്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്ന ഘട്ടത്തില്‍ കേരളത്തിന്റെ ആവശ്യം പരിശോധിക്കുമെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്താന്‍ നിശ്ചയിച്ചു എന്നല്ലാതെ തീയതികള്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ കേരളത്തിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കേണ്ടതില്ലെന്നാണ് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നത്. 

കേരളത്തിന്റെ ആവശ്യം രേഖാമൂലം കമ്മീഷന്റെ മുന്നില്‍ എത്തേണ്ടതുണ്ട്. ഇന്നലെ മാത്രമാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയതും സമവായത്തിലെത്തിയതും. ഇത് രേഖാമൂലം കമ്മീഷന്റെ മുന്നിലെത്തുന്ന സാഹചര്യത്തില്‍ മാത്രമേ ഇക്കാര്യത്തില്‍ പരിശോധന നടത്തൂ. 

ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപന വേളയില്‍ ഉപതരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാതിരിക്കുക എന്നതാണ് കമ്മീഷന്റെ മുന്നിലുള്ള വഴി എന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു. ഇക്കാര്യം  പ്രത്യേകമായി പരിഗണിച്ച് ഇനി നടത്തേണ്ടതില്ല എന്ന പ്രഖ്യാപനം ഉണ്ടാകുമോ എന്നുള്ള കാര്യത്തില്‍ കമ്മീഷന്‍ വൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നു. 

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കത്ത് കമ്മീഷന്റെ മുന്നില്‍ എത്തുകയാണെങ്കില്‍ യോഗത്തില്‍ ഇത് പരാമര്‍ശിക്കപ്പെടും. എന്നാല്‍ ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകില്ല.

Content Highlights: Decision regarding Kuttanad and Chavara by-elections will be delayed