തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് സമസ്ത. നിയമം റദ്ദാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമെന്നും മുഖ്യമന്ത്രി അറിയിച്ചതായി സമസ്ത നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സമസ്ത നേതാക്കള്‍. നിയമം റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കള്‍ പറഞ്ഞു. 

മുസ്ലീം ലീഗ് ശക്തമായ പ്രതിഷേധത്തിലേക്ക് പോകുന്ന സമയത്താണ് സമസ്തയ്ക്ക് ഇങ്ങനെയൊരു ഉറപ്പ് നല്‍കിയെന്നുള്ളത് രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള വിഷയമായി മാറിയിരിക്കുകയാണ്. ഭാവി പരിപാടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. സമസ്തയുടെ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാര്‍, അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍, ഉമര്‍ ഫൈസി മുക്കം തുടങ്ങിയ നേതാക്കളാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. 

എന്നാല്‍ നിയമനം തത്കാലം നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വ്യാജമെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. സമസ്ത നേതാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ പുതുമയില്ലെന്ന് കെപിഎ മജീദ് പറഞ്ഞു. ആര്‍ജ്ജവമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിയമം റദ്ദാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചതെന്നും അത് സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ലെന്നും മുഖ്യമന്ത്രി യോഗത്തിന് ശേഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
വിശദമായ ചര്‍ച്ച നടത്തുകയും തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരുകയും ചെയ്യും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആശങ്കകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം സമസ്ത നേതൃത്വത്തോട് വിശദീകരിച്ചിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു.

 

Content Highlights: Decision on waqf board appointments will not be enacted soon says chief minister