ബാബു
പുന്നയൂര്‍ക്കുളം: എന്നത്തെയുംപോലെ ഇന്നലെയും സന്തോഷത്തോടെയായിരുന്നു സ്കൂളില്‍നിന്ന് ഓട്ടോയില്‍ ബാബുച്ചേട്ടന്റെ ഒപ്പം കുട്ടികളുടെ വീട്ടിലേക്കുള്ള മടക്കം. എന്നാല്‍, തങ്ങളുടെ കളിചിരിക്കിടയില്‍, വണ്ടി പെട്ടെന്ന് ഒതുക്കി ഡ്രൈവിങ് സീറ്റില്‍ തലതാഴ്ത്തിയിരിക്കുന്ന ബാബുവിനെ കുട്ടികള്‍ പെട്ടെന്ന് ശ്രദ്ധിച്ചു. പാട്ടിന്റെ ശബ്ദം മെല്ലെ താഴ്ന്നു. തട്ടിവിളിച്ചെങ്കിലും എഴുന്നേല്‍ക്കുന്നില്ലെന്ന് മനസ്സിലായതോടെ വണ്ടിയിലുണ്ടായിരുന്ന ആറ് കുട്ടികളും കരച്ചിലായി.
കുട്ടികളുടെ കരച്ചില് കേട്ട് ഇതുവഴി വന്ന വണ്ടിക്കാര് ബാബുവിനെ അടുത്ത വീട്ടിലേക്ക് കയറ്റിക്കിടത്തി. വായില്‍നിന്ന് നുരയും പതയും വന്നതുകണ്ട് അപസ്മാരമാണെന്നാണ് ആദ്യം കരുതിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യാത്രക്കിടെ കുഴഞ്ഞുവീണെങ്കിലും തന്റെ കൈകളില്‍ ഏല്‍പ്പിച്ച കുരുന്നുജീവനുകള്‍ സുരക്ഷിതമാക്കിയാണ് ബാബു മടങ്ങിയത്.
ചെറായി ജി.യു.പി. സ്കൂളിലെ വിദ്യാര്‍ഥികളെ ഓട്ടോയില്‍ വീടുകളിലേക്ക് എത്തിക്കുന്നതിനിടെ കോട്ടേപ്പാട്ട് ബാബു(55)വാണ് ഹൃദയാഘാതംമൂലം മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ചെറായി പൊന്നരാശ്ശേരിയിലാണ് സംഭവം. ഒരുവര്‍ഷത്തോളമായി ബാബു ചെറായി ഗവ. യുപി സ്കൂളില്‍നിന്ന് കുട്ടികളുടെ ട്രിപ്പ് എടുക്കാന്‍ തുടങ്ങിയിട്ട്.
ഇടയ്ക്ക് വിദേശത്ത് പോയങ്കിലും പിന്നീട് മടങ്ങിവന്ന് വീണ്ടും സ്കൂള്‍ ട്രിപ്പ് തുടങ്ങുകയായിരുന്നു. ബാബുവിന്റെ ഭാര്യ: രജിത. മകള്‍: അശ്വനി. സംസ്കാരം ചൊവ്വാഴ്ച.
Content Highlights: Death while driving-school trip
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..