കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുപറഞ്ഞാൽ മാത്രമേ തനിക്കെതിരായ വധഭീഷണി അന്വേഷിക്കുകയുള്ളോയെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ. 'ലൗ ജിഹാദ് ഇൻ ദ ഖുർ ആൻ' എന്ന പുസ്തകമെഴുതിയതിന്റെ പേരിൽ തനിക്കെതിരേ വധഭീഷണിയുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നില്ലെന്ന് രാധാകൃഷ്ണന്‍ ആരോപിച്ചു.

'ലൗ ജിഹാദ് ഇൻ ദ ഖുർ ആൻ' എന്ന പേരിൽ ഒരു പുസ്തകം മാർച്ചിൽ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ഇക്കഴിഞ്ഞ പതിനാറാം തീയതി രാവിലെ 11: 28 ന് യു എ ഇ നമ്പറിൽ നിന്ന് ഒരാൾ വിളിച്ച് പുസ്തകമെഴുതിയ എന്നേയും കുടുംബത്തേയും വധിക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് ഫോൺ കോൾ വിവരങ്ങളടക്കം കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക്‌ പരാതി കൊടുത്തിട്ടും വിഷയത്തിൽ യാതൊരു അന്വേഷണവും ഉണ്ടായില്ലെന്ന് കെ എസ് രാധാകൃഷ്ണൻ ആരോപിക്കുന്നു.

കേരളത്തിൽ മുസ്ലീങ്ങൾക്കും സി പി എമ്മിനും മാത്രമേ അഭിപ്രായ സ്വാതന്ത്ര്യമുള്ളു. ഇടതുപക്ഷക്കാർക്കാണ് ഇത്തരമൊരു ഭീഷണി ഉണ്ടായതെങ്കിൽ മാധ്യമങ്ങൾ വലിയ ചർച്ച ആക്കിയേനേ. പുസ്തകത്തിന്റെ പേരിലല്ലാതെ ഇതിന് മുൻപും രണ്ട് തവണ തനിക്ക് നേരെ വധ ഭീഷണി ഉണ്ടായിട്ടുണ്ട്. മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നപ്പോൾ ചേകന്നൂർ മൗലവിയെക്കുറിച്ച് സെമിനാർ നടത്തിയതിന് വധഭീഷണി ലഭിച്ചിരുന്നു. അന്നത്തെ കമ്മീഷണറായിരുന്ന മനോജ് എബ്രഹാമിന് പരാതി കൊടുത്തിരുന്നെങ്കിലും അന്വേഷണം ഉണ്ടായില്ല.

പിന്നീട് യൂണിവേഴ്സിറ്റിയിൽ വി സി ആയിരിക്കെയും അജ്ഞാതന്റെ വധഭീഷണി ഉണ്ടായി. അന്ന് കോടിയേരി ബാലകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. അന്ന് ഒന്നര മാസത്തെ പോലീസ് പ്രൊട്ടക്ഷൻ ഏർപ്പെടുത്തിയിരുന്നു. പിന്നീട് അതും മറ്റ് അന്വേഷണങ്ങളൊന്നും ഇല്ലാതെ പോയി. തനിക്ക് നേരെ ഉണ്ടായ ഭീഷണികളെല്ലാം ആശയത്തിന്റെ പേരിലുണ്ടായവയായിരുന്നു.

ഒരു പെൺകുട്ടി പീഡന പരാതി കൊടുത്ത് ഒരുമാസമായിട്ടും പോലീസ് അന്വേഷണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരു പരാതി കിട്ടി ആ സെക്കന്റിൽ നടപടി സ്വീകരിക്കുമെന്ന് മുൻ ഡി ജി പി വിരമിക്കുന്ന സമയത്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights:death threat against ks radhakrishnan No investigation into death threats