മുൻ ഫോറൻസിക് മേധാവി കെ.ശശികല, നയന സൂര്യൻ | Photo: mathrubhumi
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണത്തില്പോലീസിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഫോറന്‍സിക് മേധാവി കെ.ശശികല. ആത്മഹത്യയെന്ന് നിഗമനമുള്ള മൊഴി പോലീസിന് നല്‍കിയിട്ടില്ല, മറിച്ച് കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും ശശികല പറഞ്ഞു. തന്റേതെന്ന പേരില്‍ പോലീസ് രേഖപ്പെടുത്തിയ മൊഴിയെ കുറിച്ച് അറിയില്ല എന്നും ശശികല മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.
നയന സൂര്യന്റെ മരണം കൊലപാതകംതന്നെയാണെന്ന് താന്‍ ആദ്യമേ പോലീസിനോടു പറഞ്ഞിരുന്നുവെന്നും എന്നാല്‍, പോലീസ് തന്റെ മൊഴി അട്ടിമറിച്ചെന്നുമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ പോലീസ് സര്ജന് ഡോ. കെ.ശശികലയുടെ വെളിപ്പെടുത്തല്‍.
കൊലപാതകംതന്നെയാണ് ആദ്യ സാധ്യതയായി താന്‍ ചൂണ്ടിക്കാട്ടിയത്. എന്നാലത് മൊഴിയില്‍നിന്ന് ഒഴിവാക്കിയാണ് പോലീസ് മൊഴി തയ്യാറാക്കിയത്. സ്വയം ജീവനൊടുക്കുക എന്നത് രണ്ടാമത്തെ സാധ്യത മാത്രമാണെന്നു പറഞ്ഞിരുന്നു. 'സെക്ഷ്വല്‍ അസ്ഫിഷ്യ' എന്ന രോഗാവസ്ഥയെക്കുറിച്ച് താന്‍തന്നെയാണ് പറഞ്ഞത്. എന്നാലത് അത്യപൂര്‍വമാണെന്നും പറഞ്ഞിരുന്നു. അന്വേഷണോദ്യോഗസ്ഥന് തന്നോടൊപ്പമിരുന്ന് താന്‍ പറയുന്നതു കേട്ട് എഴുതിയെടുത്ത മൊഴിയല്ല ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുഴുവന്‍ അട്ടിമറിച്ചു - കെ.ശശികല പറഞ്ഞു.
കൊലപാതകമാണെന്ന സൂചനകൊണ്ടാണ് മരണം നടന്ന സ്ഥലം താന്‍ സന്ദര്‍ശിച്ചത്. അകത്തുനിന്നു കുറ്റിയിട്ടിരുന്ന വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തുകടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞത്. മുറിയില്‍ നയന കിടന്നിരുന്നതായിപ്പറയുന്ന സ്ഥലത്ത് ഒരു പുതപ്പ് ചെറുതായി ചുരുട്ടിയ നിലയില്‍ കണ്ടിരുന്നു. കഴുത്തില്‍ മടക്കിയതുപോലുള്ള ചുളിവും ഉണ്ടായിരുന്നു. കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നെങ്കില്‍ കഴുത്തിറുക്കി കൊന്നതാവാമെന്ന് ഞാന്‍ ചൂണ്ടിക്കാട്ടി. അതല്ലെങ്കില്‍ 'അസ്ഫിക്സിയോഫീലിയ' എന്ന അവസ്ഥയില്‍ സ്വയം ഇറുക്കിയതാകാം എന്ന അതിവിദൂര സാധ്യതയും പറഞ്ഞു - ഡോക്ടര്‍ വെളിപ്പെടുത്തി.
ശരീരത്തിലെ എട്ടു മുറിവുകളും കഴുത്തിലെ നിറവ്യത്യാസമടക്കമുള്ളവയും വെച്ചാണ് കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നു പറഞ്ഞത്. ആന്തരികാവയവങ്ങളുടെ ക്ഷതവും വിശദമായി പറഞ്ഞുകൊടുത്തു. പക്ഷേ, അതൊന്നും മൊഴിയിലില്ല. നയനയുടെ നഖം താന്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസിനു കൈമാറി. അതു പരിശോധനയ്ക്കയയ്ക്കേണ്ടത് പോലീസാണ്. 'ദുഃസ്വഭാവം' എന്ന വാക്ക് മൊഴിയില്‍ പറഞ്ഞതായി ഉണ്ട്. അങ്ങനെയൊരു വാക്ക് താന്‍ പ്രയോഗിച്ചിട്ടില്ല. അത് പോലീസിന്റെ ഭാഷയാണ് - ഡോ. ശശികല പറഞ്ഞു.
2019 ഫെബ്രുവരി 24-നാണ് കൊല്ലം അഴീക്കല്‍ സൂര്യന്‍പുരയിടത്തില്‍ ദിനേശന്റെയും ഷീലയുടെയും മകള്‍ നയന സൂര്യ(28)നെ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന സൂചനയാണ് മൃതദേഹപരിശോധനാഫലത്തിലുള്ളത്. അന്വേഷണം എങ്ങുമെത്താതായതോടെ സംവിധായികയുടെ സുഹൃത്തുക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരങ്ങള്‍ പുറത്തുവന്നത്. സംവിധായകന് ലെനിന് രാജേന്ദ്രന്റെ സഹസംവിധായികയായിരുന്നു നയന.
Content Highlights: Death of Nayana Surya Former head of forensics with serious allegations against the police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..