പുണെ: പുണെയില്‍ മലയാളി യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. പിന്നാലെ ഭര്‍ത്താവ് അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് 29-കാരിയായ പ്രീതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നെന്നും മരണവിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാര്‍ അറിയിച്ചില്ലെന്നും പ്രീതിയുടെ അച്ഛന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മറ്റൊരാള്‍ വിളിച്ചുപറഞ്ഞാണ് മകളുടെ മരണവിവരം അറിഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.

പ്രീതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പ്രീതിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്. പ്രീതിയുടെ ശരീരത്തില്‍ ക്ഷതമേറ്റ പാടുകളുണ്ട്. അഞ്ചുവര്‍ഷം മുമ്പാണ് പ്രീതിയുടെയും അഖിലിന്റെയും വിവാഹം.

ഏകദേശം 85 ലക്ഷം രൂപയും 120 പവനും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ പിന്നെയും സ്ത്രീധനം കൂടുതലായി ആവശ്യപ്പെട്ട് അഖിലും അമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കള്‍ ആരാപിക്കുന്നുണ്ട്.

അഖില്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. അഖിലിന്റെ അമ്മയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് സൂചന. പ്രീതിയുടെ മൃതദേഹം നാളെ സ്വദേശമായ കൊല്ലത്ത് സംസ്കരിക്കും.

Content highlights: Death of keralite women in pune; husband arrested