Photo: Mathrubhumi
കഠിനംകുളം: പെരുമാതുറയില്‍ പതിനേഴുകാരന്റെ മരണം അന്വേഷണം അവസാനിപ്പിച്ച് കഠിനംകുളം പോലീസ്. 17 കാരന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നാലു പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. അതില്‍ ഫൈസല്‍ എന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടുദിവസത്തെ കസ്റ്റഡിക്ക് ശേഷം വിട്ടയക്കുകയായിരുന്നു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അമിത ലഹരി ഉപയോഗം മൂലം രക്തക്കുഴല്‍ പൊട്ടിയതാകാം രക്തസ്രാവത്തിന് കാരണമായത് എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. കസ്റ്റഡിയിലെടുത്തു വിട്ടയച്ച കൊട്ടാരം തുരുത്ത് സ്വദേശിയാണ് 17 കാരനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുക്കള്‍ അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്നാണ് മകന്‍ മരിച്ചതെന്ന് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രതികളെ ഇതുവരെയും കണ്ടെത്താന്‍ കഠിനംകുളം പോലീസിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ അന്വേഷണം അവസാനിപ്പിക്കുകയാണ് കഠിനംകുളം പോലീസ് വ്യക്തമാക്കി.പതിനേഴുകാരന്‍ നേരത്തെയും പലതവണ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. സ്ഥിരമായി ലഹരി ഉപയോഗിച്ചത് മൂലമാകാം മരിച്ചതെന്നാണ് പോലീസ് കരുതുന്നത്.
നേരത്തെ നാലു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും പ്രാദേശിക രാഷ്ട്രീയ ഇടപെടല്‍ മൂലം ഇവരെ വിട്ടയച്ചു എന്നാണ് ആക്ഷേപം. 17 കാരന്റെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന വന്നതിനുശേഷം മാത്രമെ കൂടുതല്‍ അന്വേഷണം നടത്തുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.സംഭവം നടന്ന രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്രദേശത്ത് പോലീസും എക്‌സൈസും സംയുക്തമായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് പ്രദേശവാസികളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമായിരുന്നു പരിശോധന എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഠിനംകുളം പോലീസ്റ്റേഷനിലെ ചിലര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് നേരത്തെ രഹസ്യ അന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പലപ്പോഴും ലഹരിയും മാഫിയ സംഘത്തെപ്പറ്റി സ്റ്റേഷനില്‍ വിവരം ലഭിച്ചാല്‍ പോലീസ് എത്തുന്നതിനുമുമ്പ് അവര്‍ രക്ഷപ്പെടുന്ന പതിവാണ്. ഇത് ലഹരി മാഫിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുകൊണ്ടാണ് പ്രതികള്‍ രക്ഷപ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഈ കഴിഞ്ഞ 20ന് വൈകീട്ട് ആറു മണിയോടെയാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയത്. രാത്രി ഏഴുമണിയോടെ അവശ നിലയില്‍ തിരികെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് മകന്‍ പറഞ്ഞതായി മാതാവ് പറഞ്ഞു.
തുടര്‍ന്ന് ചര്‍ദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തതോടെ വീട്ടുകാര്‍ പുതുക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ലഹരി ഉപയോഗിച്ചതായി ഡോക്ടറോടും പറഞ്ഞിരുന്നു. ആശ്വാസം അനുഭവപ്പെട്ടതോടെ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെത്തി.എന്നാല്‍, രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും 21-ന് പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.
Content Highlights: Death of 17-year-old in Perumatura; The police ended the investigation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..