കൊല്ലം: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന പത്തു വയസുകാരി പാമ്പു കടിയേറ്റ് മരിച്ചു. പത്തനാപുരം മാങ്കോട് ചരിവിള വീട്ടില്‍ രാജീവ്-സിന്ധു ദമ്പതിമാരുടെ മകള്‍ ആദിത്യയാണ് മരിച്ചത്. മാങ്കോട് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിത്യ. 

ശനിയാഴ്ച പുലര്‍ച്ചയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതായി രക്ഷിതാക്കള്‍ കണ്ടത്. ആദ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചയോടെയാണ് ആദിത്യ മരിച്ചത്.

വീട്ടില്‍ ഉറങ്ങി കിടക്കുമ്പോഴാണ് പാമ്പുകടിയേറ്റതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.