മലമ്പുഴ-കഞ്ചിക്കോട് റോഡിൽ ആരക്കോട് ഭാഗത്തെ വനത്തിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹത്തിനടുത്ത് പോലീസ് പരിശോധന നടത്തുന്നു
പാലക്കാട്: മലമ്പുഴയിലെ ജനവാസമേഖലയോടുചേർന്ന വനത്തിൽ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ ആരക്കോട് ഭാഗത്തെ വനത്തിലാണ് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.
ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് വിവരം പുറത്തറിയുന്നത്. വനത്തിൽ വിറകുശേഖരിക്കാൻപോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന്, വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ധരിച്ചിരുന്ന വസ്ത്രം കത്തിക്കരിഞ്ഞിട്ടുണ്ട്. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ ഒരുകൈ മുറിഞ്ഞനിലയിലാണെന്ന് പറഞ്ഞു. ആക്രമണത്തിനിടെയോ കാട്ടുമൃഗങ്ങൾ കടിച്ചുവലിച്ചപ്പോഴോ കൈ മുറിഞ്ഞുപോയതാവാമെന്നാണ് പോലീസിന്റെ നിഗമനം.
അടുത്തിടെ, ഈപ്രദേശത്തെ ആരെയും കാണാനില്ലെന്ന പരാതികൾ ലഭിച്ചിട്ടില്ലാത്തതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. കൊലപ്പെടുത്തിയശേഷം മറ്റെവിടെ നിന്നെങ്കിലും കൊണ്ടുവന്നിട്ടതാവാമെന്ന സംശയവുമുണ്ട്. മുഖം വ്യക്തമാകാതിരിക്കാൻ കത്തിച്ചതായിരിക്കാമെന്നും സംശയിക്കുന്നു.
പാലക്കാട് എ.എസ്.പി. എ. ഷാഹുൽ ഹമീദ്, വാളയാർ ഇൻസ്പെക്ടർ എ. അജിഷ്, മലമ്പുഴ സ്റ്റേഷനിലെ എസ്.ഐ.മാരായ പി.എ. റഹ്മാൻ, കെ. ജ്യോതിമണി, എ.എസ്.ഐ. രമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ളതിനാൽ കാവൽ ഏർപ്പെടുത്താനും ബുദ്ധിമുട്ടുണ്ട്. തിങ്കളാഴ്ച പോലീസ് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞു.
Content Highlights: deadbody found in malambuzha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..