രാത്രി ടി.സി നല്‍കിയ സംഭവം ഡി.ഡി അന്വേഷിക്കും; നീക്കം ഗുരുതര ആരോപണം ഉയര്‍ന്നതോടെ


സി.പി.എം. ജില്ലാസെക്രട്ടറിയുടെ മകന് വെള്ളമുണ്ട എ.യു.പി. സ്‌കൂളില്‍ നിയമനം നല്‍കാന്‍ തരുവണ സ്‌കൂളിലെ വിദ്യാര്‍ഥികളെ വെള്ളമുണ്ടയിലേക്ക് മാറ്റാന്‍ ശ്രമിച്ചെന്ന രോപണമുയര്‍ന്നിരുന്നു.

മാതൃഭൂമി

മാനന്തവാടി:ആറാം പ്രവൃത്തിദിവസം രാത്രി തരുവണ ഗവ. യു.പി. സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അന്വേഷിക്കും. സി.പി.എം. ജില്ലാസെക്രട്ടറിയുടെ മകന് വെള്ളമുണ്ട എ.യു.പി. സ്‌കൂളില്‍ നിയമനം നല്‍കാന്‍ തരുവണ സ്‌കൂളിലെ വിദ്യാര്‍ഥികളെ വെള്ളമുണ്ടയിലേക്ക് മാറ്റാന്‍ ശ്രമിച്ചെന്ന രോപണമുയര്‍ന്നിരുന്നു.

കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി വെള്ളമുണ്ട സ്‌കൂളിലെ ക്ലാസ് ഡിവിഷന്‍ സംരക്ഷിക്കാനാണ് പാതിരാത്രിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നായിരുന്നു ആരോപണം.

നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ കിട്ടിയിട്ടില്ലെന്ന് എ.ഇ.ഒ.

സംഭവം വിവാദമായതോടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മാനന്തവാടി എ.ഇ.ഒ.യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അദ്ദേഹം തിങ്കളാഴ്ചതന്നെ ഡി.ഡി.ഇ.ക്ക് റിപ്പോര്‍ട്ട് നല്‍കി. സ്‌കൂളിലെ ആറാം പ്രവൃത്തിദിനത്തില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ വെബ്പോര്‍ട്ടലില്‍ നല്‍കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് തസ്തിക നിര്‍ണയം നടത്തുന്നത്. ഇതുപ്രകാരം ആറാംപ്രവൃത്തി ദിവസമായ ജൂണ്‍ എട്ടിന് വൈകുന്നേരം അഞ്ചുവരെ മാത്രമാണ് സമ്പൂര്‍ണയില്‍ മാറ്റങ്ങള്‍വരുത്താനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. ഈദിവസം സമ്പൂര്‍ണയുടെ വെബ്സൈറ്റ് തകരാറിലായിരുന്നതിനാല്‍ രാത്രി പത്തുവരെ സമ്പൂര്‍ണയില്‍ മാറ്റംവരുത്താന്‍ കൈറ്റ് മുഖേന സര്‍ക്കാരില്‍നിന്ന് നിര്‍ദേശം ലഭിച്ചിരുന്നതായി മാനന്തവാടി എ.ഇ.ഒ. എം.എം. ഗണേശന്‍ പറഞ്ഞു. അന്നുതന്നെ മാനന്തവാടി ഉപജില്ലയിലെ അഞ്ച് സ്‌കൂളുകള്‍ക്ക് സമ്പൂര്‍ണയില്‍ മാറ്റംവരുത്താനുള്ള സൗകര്യം ചെയ്തുകൊടുത്തിരുന്നു. എല്ലാ നിയമവശങ്ങളോടുംകൂടിയാണ് സമ്പൂര്‍ണയുടെ നോഡല്‍ ഓഫീസറായ എ.ഇ.ഒ. ഓഫീസിലെ ക്ലാര്‍ക്ക് ഇതിനുള്ള സാഹചര്യം ഒരുക്കിയത്.

തരുവണ ഗവ. യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്റെ അപേക്ഷയും ലഭിച്ചിരുന്നു. 5.40-ഓടെയാണ് ഇ-മെയില്‍ ആയി പ്രഥമാധ്യാപകന്റെ അപേക്ഷയെത്തിയത്. വിളച്ചന്വേഷിച്ചപ്പോള്‍ രക്ഷിതാക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണ് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചതെന്നാണ് തരുവണ ഗവ. യു.പി. സ്‌കൂള്‍ പ്രഥമാധ്യാപകന്‍ പറഞ്ഞത്. വിഷയം ബോധ്യപ്പെട്ട സാഹചര്യത്തില്‍ മാത്രമേ ഇതുചെയ്യാന്‍പാടുള്ളൂ എന്ന് പ്രഥമാധ്യാപകന് എ.ഇ.ഒ. ഓഫീസില്‍നിന്ന് നിര്‍ദേശം നല്‍കിയിരുന്നതായും മാനന്തവാടി എ.ഇ.ഒ. പറഞ്ഞു.

വെള്ളമുണ്ട എ.യു.പി. സ്‌കൂളില്‍ പുതിയ അധ്യാപകനെ നിയമിക്കുന്ന കാര്യമൊന്നും അറിഞ്ഞിരുന്നില്ല. അതുമായി ബന്ധപ്പെട്ട് എ.ഇ.ഒ. ഓഫീസിലേക്ക് ഒരു ഫയലും എത്തിയിട്ടുമില്ലെന്നും എ.ഇ.ഒ. പറഞ്ഞു.

വിശദമായി പരിശോധിക്കും

മാനന്തവാടി എ.ഇ.ഒ.യില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായും ഈ റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറുമെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. ശശിപ്രഭ പറഞ്ഞു.

ജോലി സംബന്ധമായി മാറിനില്‍ക്കുന്നതിനാല്‍ ഡി.ഡി.ഇ. ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റിനാണ് ഡി.ഡി.ഇ.യുടെ ചുമതല നല്‍കിയിട്ടുള്ളത്. അദ്ദേഹം ഉള്‍പ്പെടുന്നസംഘം അടുത്തദിവസംതന്നെ വിഷയത്തെപ്പറ്റി അന്വേഷിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡി.ഡി.ഇ. പറഞ്ഞു.

സ്ഥിരനിയമനം നടത്തിയിട്ടില്ലെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്
കല്പറ്റ: സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകന് വെള്ളമുണ്ട എ.യു.പി. സ്‌കൂളില്‍ അധ്യാപകനായി സ്ഥിരനിയമനം നല്‍കിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍. മാനേജരുടെ മകന്റെ സുഹൃത്തും എം.എഡ്. ബിരുദധാരിയുമായ രഞ്ജിത്തിനെ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമിച്ചത്. ആറാം പ്രവൃത്തിദിനത്തിന്റെ പകല്‍ 'സമ്പൂര്‍ണ സൈറ്റ് സംസ്ഥാനത്തൊട്ടാകെ ഹാങ്ങായിരുന്നു. അതുകൊണ്ടാണ് രാത്രിയില്‍ ടി.സി. നല്‍കേണ്ടിവന്നത്. ഐ.ടി. അറ്റ് മിഷന്‍ ഡയറക്ടറുടെ അനുമതിയില്ലാതെ ആര്‍ക്കും സമ്പൂര്‍ണ സെര്‍വര്‍ തുറക്കാന്‍ കഴിയില്ല. മാത്രമല്ല, മറ്റൊരു വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടിയെ ഈ സെര്‍വര്‍ ഉപയോഗിച്ച് വേറൊരു വിദ്യാലയത്തില്‍ ചേര്‍ക്കാനും കഴിയില്ല. അതുകൊണ്ടുതന്നെ രഞ്ജിത്തിനുവേണ്ടി അനധികൃതമായി ഡിവിഷനും തസ്തികയും സൃഷ്ടിച്ചുവെന്ന ആരോപണം വാസ്തവവിരുദ്ധമാണ്.

സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സ്‌കൂള്‍ മാനേജര്‍ വി.എം. മുരളീധരന്‍, കണ്‍സള്‍ട്ടന്റ് ടി.വി. വിജയന്‍, അഡ്വ. ജിതിന്‍രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

അധികാര ദുര്‍വിനിയോഗം
കല്പറ്റ:വെള്ളമുണ്ട എ.യു.പി. സ്‌കൂളില്‍ സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകന്റെ ജോലി നിലനിര്‍ത്തുന്നതിലുണ്ടായ പാര്‍ട്ടിയുടെ വഴിവിട്ട ഇടപെടലും സ്‌കൂളധികൃതരും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തിരിമറിയും അധികാര ദുര്‍വിനിയോഗമാണെന്ന് എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടേറിയറ്റ്. പ്രസിഡന്റ് കെ.എ. അയ്യൂബ് അധ്യക്ഷത വഹിച്ചു. എന്‍. ഹംസ, ഇ.വി. ഉസ്മാന്‍ ടി. നാസര്‍ മഹറൂഫ് അഞ്ചുകുന്ന് എന്നിവര്‍ സംസാരിച്ചു.

നടപടി വേണം -യു.ഡി.എഫ്.
കല്പറ്റ:സി.പി.എം. ജില്ലാ സെക്രട്ടറിയുടെ മകനെ വെള്ളമുണ്ട എ.യു.പി. സ്‌കൂളില്‍ അധ്യാപകനായി നിയമിക്കുന്നതിന് പാതിരാത്രിയില്‍ ടി.സി. വിതരണം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കുനേരെ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്. സ്‌കൂള്‍ മാനേജരും സി.പി.എം. നേതൃത്വവും തമ്മിലുണ്ടാക്കിയ അനുരഞ്ജനത്തിന്റെ ഭാഗമായാണ് ഈ നിയമനം നടത്തിയത്. ഏപ്രിലില്‍ സി.പി.എം. ജില്ലാ സെക്രട്ടറി സ്‌കൂള്‍ മാനേജരുടെ വീട് സന്ദര്‍ശിച്ചത് എന്തിനാണെന്ന് നേതാക്കള്‍ വ്യക്തമാക്കണം. പി.കെ. അമീന്‍, കണ്‍വീനര്‍ പി.പി. ജോര്‍ജ്, സലീം കേളോത്ത്, ടി.കെ. മമ്മൂട്ടി, എന്‍.കെ. പുഷ്പലത തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

കെ.എസ്.യു. ഡി.ഇ.ഒ. ഓഫീസ് ഉപരോധിച്ചു

കല്പറ്റ: വെള്ളമുണ്ട എ.യു.പി. സ്‌കൂളിലെ നിയമനവിവാദത്തില്‍ കെ.എസ്.യു. ഡി.ഡി.ഇ. ഓഫീസ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. വെള്ളമുണ്ട എയ്ഡഡ് സ്‌കൂള്‍ നിയമനത്തിനുവേണ്ടി ആറാം പ്രവൃത്തിദിനത്തില്‍ തരുവണ ഗവ. സ്‌കൂളില്‍നിന്ന് കുട്ടികളെ നിര്‍ബന്ധിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മാറ്റിയ വിഷയം മാനന്തവാടി എ.ഇ.ഒ. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്‍മാരുടെയും രാഷ്ട്രീയ ഉന്നതരുടെയും ഗൂഢാലോചനയാണെന്നും പ്രവൃത്തിസമയത്തിന് ശേഷവും സമ്പൂര്‍ണ വെബ് ലോഗിന്‍ തുറന്നുനല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ആരോപിച്ചാണ് കെ.എസ്.യു. ഡി.ഇ.ഒ. ഓഫീസ് ഉപരോധിച്ചത്. കൃത്യവിലോപം കാട്ടുകയും പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയുംചെയ്ത മാനന്തവാടി എ.ഇ.ഒയെ തത്സ്ഥാത്തുനിന്നു മാറ്റി അന്വേഷണംനടത്തണമെന്നും ആറാംപ്രവൃത്തിദിനത്തില്‍ അനുവദിച്ച വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കണമെന്നും കെ.എസ്.യു. ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ അമല്‍ ജോയ്, സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, മുബാരിസ് അയ്യാര്‍, സ്റ്റെല്‍ജിന്‍ ജോണ്‍ എന്നിവരെ അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു. ശ്രീലാല്‍ തൊവരിമല, അമല്‍ ബാബു തുടങ്ങിയവരും ഉപരോധത്തില്‍ പങ്കെടുത്തു.


Content Highlights: DDE Enquiery on Tharuva Govt.School TC Action

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented