ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് നടത്തുന്ന ചര്‍ച്ചയില്‍ ഡി.സി.സി പുനഃസംഘടന മുഖ്യ അജണ്ടയാകുമെന്ന് റിപ്പോര്‍ട്ട്. പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി അധ്യക്ഷന്‍മാരെ മാറ്റണമെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. എന്നാല്‍ അഴിച്ചുപണി ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ അഭിപ്രായം.
ദദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ ഡിസിസി തലങ്ങളില്‍ അഴിച്ചുപണി വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കെപിസിസി അധ്യക്ഷന്‍. ഒപ്പം, സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നല്‍കിയ റിപ്പോര്‍ട്ടും ഇതിനെ അനുകൂലിക്കുന്നതാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ ഡിസിസി അധ്യക്ഷന്‍മാരുടെ പ്രവര്‍ത്തനം മികച്ചതല്ല എന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അഴിച്ചുപണി വേണമെന്നാണ് താരിഖ് അന്‍വര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഹൈക്കമാന്‍ഡിനും ഇതേ നിലപാടാണുള്ളത്. എന്നാല്‍ എ, ഐ ഗ്രൂപ്പുകള്‍ ഈ നീക്കത്തെ എതിര്‍ക്കുകയാണ്.
ഇപ്പോഴൊരു അഴിച്ചുപണി ഉണ്ടായാല്‍ അത് നേതാക്കളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ പറയുന്നത്. ഒപ്പം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തനില്‍ക്കെ വ്യാപകമായി അഴിച്ചുപണിയുണ്ടാകുന്നത് സംഘടനയ്ക്ക് ഗുണംചെയ്യില്ലെന്നും അവര്‍ പറയുന്നു. മാറ്റുകയാണെങ്കില്‍ 14 ഡിസിസി അധ്യക്ഷന്‍മാരെയും മാറ്റണമെന്ന കടുത്ത നിലപാടും അവര്‍ സ്വീകരിക്കുന്നു.
അതേസമയം, ഇരട്ടപ്പദവി വഹിക്കുന്ന വി.കെ ശ്രീകണ്ഠന്‍, ഐ.സി ബാലകൃഷ്ണന്‍, ടി. ജെ വിനോദ് എന്നിവര്‍ക്കു പകരം പുതിയ ആളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശ ധാരണയില്‍ എത്തിയിട്ടുണ്ട്. നാളെയാണ് നിര്‍ണായക ചര്‍ച്ച നടക്കുന്നത്. പ്രധാന നേതാക്കളെല്ലാം ഹൈക്കമാന്‍ഡ് നേതാക്കളുമായുള്ള നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. തുടര്‍ന്ന് സോണിയാ ഗാന്ധിയെ കണ്ടതിനു ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനത്തില്‍ എത്തുക.
Content Highlights: DCC reorganization- Crucial discussion with High Command tomorrow