കാസര്‍കോട്: മലയാളികള്‍ക്ക് ചികിത്സ അനുവദിക്കരുതെന്ന ദക്ഷിണ കന്നഡ ഡി.എം.ഒ.യുടെ വിവാദ ഉത്തരവ് പിന്‍വലിച്ചു. ഏപ്രില്‍ ഒന്നിന് ഇറക്കിയ ഉത്തരവാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പിന്‍വലിച്ചത്.
കാസര്‍കോടുനിന്നുള്ള ആംബുലന്‍സുകളെ അതിര്‍ത്തിയില്‍ തടയുന്നത് വിമര്‍ശനത്തിന് ഇടയാക്കിയതിനിടെയാണ് ദക്ഷിണ കന്നഡ മെഡിക്കല്‍ ഓഫീസര്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. ജില്ലയിലെ സ്വകാര്യ ആശുപത്രിയിലടക്കം കേരളീയരായ ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു ഉത്തരവ്. ചികിത്സ നിഷേധിക്കപ്പെട്ടതോടെ മംഗളൂരുവില്‍ സ്ഥിരതാമസക്കാരായ മലയാളികളും കടുത്ത പ്രതിസന്ധിയിലായി.
ഇതിനിടെയാണ് അതിര്‍ത്തി അടച്ച വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നിലപാട് സുപ്രീം കോടതിയില്‍നിന്നുണ്ടായത്. ഇതിനു തൊട്ടുപിന്നാലെയാണ് ചികിത്സ നിഷേധിച്ചു കൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കുന്നതായി ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രസ്താവനയിറക്കി. മലയാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനോ ചികിത്സിക്കുന്നതിനോ പ്രശ്‌നമില്ലെന്നാണ് ഈ പ്രസ്താവനയില്‍ പറയുന്നത്. ആശുപത്രി ഉടമകളുടേത് അടക്കമുള്ള സമ്മര്‍ദവും ഇത്തരത്തില്‍ ഉത്തരവ് പുറത്തിറക്കാന്‍ കര്‍ണാടകയെ പ്രേരിപ്പിച്ചുവെന്നാണ് സൂചന.
content highlights: dakshina kannada dmo cancels order denying treatment to keralites