തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. വിപി മഹാദേവൻ പിള്ള. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ സമ്മർദ്ദമുണ്ടായി എന്ന വിശദീകരണമാണ് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. മനസ് പതറുമ്പോൾ കൈ വിറച്ചു പോകുന്നത് ഒരു കുറവായി കാണുന്നില്ലെന്നും അദ്ദേഹം പറയുന്നു. മലയാളത്തിലാണ് പ്രസ്താവന.

ജീവിതത്തിന്റെ ഗ്രാമറും സ്പെല്ലിങ്ങും തെറ്റാതിരിക്കാൻ ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി ഞാൻ കാണുന്നില്ല. ഗുരുഭൂതന്മാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു പ്രസ്താവന.

VC

രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതിന് കേരള സർവകലാശാല സിൻഡിക്കേറ്റിന് യോജിപ്പില്ല എന്ന തീരുമാനം അറിയിക്കാനായി ഗവർണറെ കണ്ടപ്പോൾ തന്നെ സമ്മർദ്ദത്തിലാക്കി എന്നാണ് പ്രസ്താവനയിൽകൂടി അദ്ദേഹം സൂചിപ്പിക്കുന്നത്. അത്തരത്തിൽ ഒരു സമ്മർദ്ദത്തിൽ എഴുതുമ്പോൾ മനസും കൈയും വിറച്ചു പോകും എന്നും അതാണ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. താൻ കത്തെഴുതിയ രീതിയും വിമർശനങ്ങൾക്കിടയാക്കിയ കാരണങ്ങൾക്കും ഇടയാക്കിയത് സമ്മർദ്ദമാണെന്നാണ് അദ്ദേഹം പ്രസ്താവനയിൽ പറയുന്നത്.

രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള സര്‍വകലാശാല വൈസ് ചാന്‍സലറുടെ ഭാഷയെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. വൈസ് ചാന്‍സലറുടെ ഭാഷ കണ്ട് താന്‍ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ്‌ ഉപയോഗിച്ചതെന്നുമായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ഇങ്ങനെയാണോ ഒരു വൈസ് ചാന്‍സലറുടെ ഭാഷ, രണ്ടു വരി തെറ്റില്ലാതെ എഴുതാന്‍ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസമേഖല. ചാന്‍സലര്‍ ആവശ്യപ്പെട്ടിട്ടും സിന്‍ഡിക്കേറ്റ്‌ യോഗം വിളിച്ചില്ല. ചാന്‍സലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാന്‍ ലജ്ജ തോന്നുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് വിശദീകരണം.

Content Highlights: D.Litt controversy - Kerala university VC VP mahadevan pillai statement