തൃശ്ശൂര്‍: നടന്‍ ദിലീപ് കൈയേറിയെന്ന് ആരോപണമുള്ള ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ സര്‍വേ സൂപ്രണ്ട് ദിലീപടക്കം ഏഴ് പേര്‍ക്ക് നോട്ടീസ് അയച്ചു. ദിലീപിന്റെ ഭൂമിയുടെ സമീപത്തുള്ള മറ്റ് ആറ് പേര്‍ക്കുകൂടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ മാസം 27ന് ഭൂമി അളന്ന് തിട്ടപ്പെടുത്തും. 

ദിലീപിന്റെ ഡി സിനിമാസ് ഭൂമി കൈയേറിയെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുന്‍ ജില്ലാ കളക്ടറായിരുന്ന എം.എസ്. ജയ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് ദിലീപിന് അനുകൂലമായിരുന്നു. ഇതിനെതിരെ പരാതിക്കാര്‍ കോടതിയെ സമീപിച്ച് തുടര്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. 

ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം സങ്കീര്‍ണമാണെന്ന് ഇന്നലെ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രി  ഇ. ചന്ദ്രശേഖരന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയെന്ന് പരിശോധിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടിരുന്നു. 

1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പല രേഖകളും നഷ്ടമായിട്ടുണ്ടെന്നും കൈയേറ്റം കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൈയേറ്റം കണ്ടെത്താന്‍ രേഖകളുടെ അഭാവമുണ്ട്. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉന്നത സംഘം അന്വേഷണം നടത്തണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു

ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് 27ന് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നടപടിക്രമങ്ങള്‍ സുതാര്യമായും സൂക്ഷമതയോടും നിര്‍വഹിക്കണമെന്നാണ് ജില്ലാഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കി ഏഴ് ദിവസത്തിന് ശേഷം ഭൂമി അളക്കല്‍ നിശ്ചയിച്ചിരിക്കുന്നത്. 

ദിലീപ് അല്ലെങ്കില്‍ പ്രതിനിധി സ്ഥലത്തെത്തി അളക്കല്‍ നടപടികളില്‍ പങ്കെടുക്കണമെന്ന് ജില്ലാ സര്‍വേ സൂപ്രണ്ട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.