Photo: KSDMA
തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ ഒരു അതിതീവ്ര ന്യൂനമര്‍ദമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ശക്തികുറഞ്ഞ ന്യൂനമര്‍ദമായി, വേഗത 30 മുതല്‍ 40 കിലോമീറ്ററായി മാറുമെന്നും കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴപെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
ഇപ്പോള്‍ ബുറെവി ചുഴലിക്കാറ്റ് മാന്നാര്‍ കടലിടുക്കില്‍, തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. മാന്നാര്‍ കടലിടുക്കില്‍ എത്തിയ ചുഴലിക്കാറ്റ് കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ ഒമ്പത് കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാമനാഥപുരത്തിന് സമീപത്ത് എത്തിയിട്ടുണ്ട്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 55 മുതല്‍ 65 കിമീ വരെയും ചില അവസരങ്ങളില്‍ 75 കിമീ വരെയുമാണ്.
അതിതീവ്ര ന്യൂനമര്‍ദം അര്‍ധരാത്രിയോട് കൂടി രാമനാഥപുരം, തൂത്തുക്കുടി ജില്ലകളിലേക്ക് പ്രവേശിക്കും. കരയിലേക്ക് പ്രവേശിക്കുമ്പോള്‍ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 50 മുതല്‍ 60 കിമീ വരെയും ചില അവസരങ്ങളില്‍ 70 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന് പ്രകാരം അതിതീവ്ര ന്യൂനമര്‍ദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുര്‍ബലമായി ഒരു ന്യൂനമര്‍ദമായി മാറി കൊണ്ടായിരിക്കും കേരളത്തിലേക്ക് പ്രവേശിക്കുക. കേരളത്തിലേക്ക് പ്രവേശിക്കുമ്പോള്‍ മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോ മീറ്റര്‍ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയുടെ വടക്കുകിഴക്കന്‍ മേഖലയിലൂടെ ന്യൂനമര്‍ദം അറബിക്കടലിലെത്തും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ന്യൂനമര്‍ദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുമതിയുണ്ടായിരിക്കില്ല.
Content Highlights: Cyclonic Storm 'Burevi ' reaches tamil nadu tonight
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..