തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടേ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിയായി മാറി. ഗുജറാത്ത്, ദിയു തീരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ടൗട്ടേ കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ 15 കി.മീ വേഗതയില്‍ വടക്ക് - വടക്കു  പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച്  ഇന്ന് രാവിലെ 8.30 ന് മധ്യകിഴക്കന്‍ അറബിക്കടലില്‍18.8°N അക്ഷാംശത്തിലും 71.5°E രേഖാംശത്തിലും  എത്തിയിരിക്കുന്നു.  

മുംബൈ തീരത്തുനിന്ന്  150  കി.മീ പടിഞ്ഞാറ്  മാറിയും, തെക്ക് കിഴക്കു ദിശയില്‍ വെറാവല്‍ (ഗുജറാത്ത് ) തീരത്തു നിന്ന് 260 കി.മീയും  ദിയുവില്‍ നിന്ന് 220 കി.മീ തെക്ക് -തെക്കു കിഴക്കായും പാകിസ്താനിലെ കറാച്ചിയില്‍  നിന്നും 490 കി.മീ കിഴക്കു-തെക്കു കിഴക്കു ദിശയിലുമാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ സ്ഥിതി ചെയ്യുന്നത്.

അതിതീവ്ര ചുഴലിയായി മാറിയ ടൗട്ടേ വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്ത് എത്തുകയും തുടര്‍ന്ന്  രാത്രി 8  മണിയ്ക്കും 11 മണക്കും ഇടയില്‍ ഗുജറാത്തിലെ പോര്‍ബന്തര്‍, മഹുവ (ഭാവ്‌നഗര്‍ ജില്ല ) തീരങ്ങള്‍ക്കിടയിലൂടെ അതിശക്ത ചുഴലിക്കാറ്റായി  മണിക്കൂറില്‍ പരമാവധി 185 കിലോമീറ്റര്‍ വരെ വേഗതയില്‍  കരയിലേക്ക് പ്രവേശിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. മുന്‍കരുതലിന്റെ ഭാഗമായി മുംബൈ വിമാനത്താവളം വൈകീട്ട് നാലു മണി വരെ അടച്ചിട്ടുണ്ട്.

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം ഇന്നും തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് കടലില്‍ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.