തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ വ്യാപിപ്പിക്കാന്‍ നീക്കം. മുനമ്പം മുതല്‍ ഗോവ വരെയുള്ള മേഖലയിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി, റവന്യു മന്ത്രി, ദേവസ്വം മന്ത്രി, ഫിഷറീസ് മന്ത്രി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തിരച്ചില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. 

മുനമ്പം മുതല്‍ ഗോവ വരെയുള്ള മേഖലകളില്‍ തിരച്ചില്‍ നടത്തുന്നതിന് 200 ബോട്ടുകള്‍ വിട്ടു നല്‍കണമെന്ന് മുഖ്യമന്ത്രി ബോട്ട് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റുമായി സഹകരിച്ച് തിരച്ചില്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. 

ഓഖി ചുഴലിക്കാറ്റുണ്ടായി ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ തിരച്ചില്‍ കൂടുതല്‍ ശക്തമാക്കണമെന്നും തിരച്ചിലില്‍ മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പുനഃപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഇന്ന് പ്രത്യേക യോഗം ചേര്‍ന്നത്.

മത്സ്യത്തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ചാണ് യോഗം വിളിച്ചിരുന്നത്. ഉദ്യോഗസ്ഥര്‍ക്ക് പുറമെ മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍, ബോട്ട് ഉടമകള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

മുനമ്പം മുതല്‍ ഗോവ വരെ ഏകദേശം 400 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് തിരച്ചില്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ മേഖലകളില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നെന്ന മത്സ്യത്തൊഴിലാളുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഓഖി ദുരന്തത്തെ തുടര്‍ന്ന് ഇതുവരെ 70 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.