തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ പെട്ട 201 മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്താനുണ്ടെന്ന്‌ ലത്തീന്‍ അതിരൂപത. ഇതില്‍ 108 പേര്‍ പരമ്പരാഗത വള്ളങ്ങളില്‍ പോയവരാണെന്നും ഇവരുടെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും രൂപതാ വക്താവ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 91 പേര്‍ തിരിച്ചെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്‌

കൊച്ചി, കൊല്ലം തുടങ്ങിയ മേഖലകളില്‍ നിന്ന് ബോട്ടുകളില്‍ മത്സ്യബന്ധനത്തിന് പോയ നിരവധി തൊഴിലാളികളും കടലില്‍ പെട്ട് പോയിട്ടുണ്ട്. അതുകൂടി കണക്കാക്കുമ്പോള്‍ എണ്ണം ഇതിലും കൂടാനാണ് സാധ്യതയെന്നും രൂപത വക്താവ് അഭിപ്രായപ്പെട്ടു. 

ആറ് ദിവസം പിന്നിട്ടിട്ടും തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ സാധിക്കാത്തത് തീര്‍ത്തും അപഹാസ്യമാണ്. രക്ഷാപ്രവര്‍ത്തനത്തിനുള്ള സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ തിരച്ചിലിനിറങ്ങിയതെന്നും ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. യൂജിന്‍ പെരേര കുറ്റപ്പെടുത്തി. 

രക്ഷപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍ അഭയം തേടിയവര്‍ക്ക് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അധികാരികള്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചിരുന്നെങ്കില്‍ അത് അവിടെയുള്ളവര്‍ക്ക് കൂടുതല്‍ ആശ്വാസം പകരുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
പൂന്തുറ തീരത്ത് കടലാക്രമണത്തിന്റെ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആ മേഖലയിലെ ആളുകളോട് ബന്ധുക്കളുടെ വീട്ടിലേക്കും സെന്റ് തോമസ് സ്‌കൂളിലേക്ക് മാറി താമസിക്കാനും രൂപത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രൂപത സ്വീകരിച്ച നടപടി പോലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും യൂജിന്‍ പെരേര ആരോപിച്ചു. 

ദുരന്തത്തിന്റെ വ്യാപ്തി വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കണം. ഇതിന് പുറമെ കേന്ദ്ര സര്‍ക്കാര്‍ ആയിരം കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും പത്രസമ്മേളനത്തില്‍ ലത്തീന്‍ അതിരൂപത ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയാറാകാത്ത പക്ഷം കെസിബിസിയുടെ ഒരു സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പരാതികള്‍ സമര്‍പ്പിക്കുന്ന കാര്യം ആലോചിക്കുമെന്നും വികാരി ജനറല്‍ അറിയിച്ചു. 

ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കുകയും പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനായി പ്രത്യേക പ്രതിനിധി സംഘത്തെ ഡല്‍ഹിയിലേക്ക് അയയ്ക്കുകയും വേണമെന്നും കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.

എന്നാല്‍, കടലില്‍ അകപ്പെട്ട 72 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തിയെന്നാണ്‌ തീര സംരക്ഷണ സേന നല്‍കുന്ന വിവരം. ഇതില്‍ 14 പേര്‍ മലയാളികളും 58 പേര്‍ തമിഴ്നാട് സ്വദേശികളുമാണെന്നും തീരസംരക്ഷണ സേന അറിയിച്ചു.  

ആറ് ബോട്ടുകളിലായി ലക്ഷദ്വീപിലെ ബിത്ര ദ്വീപിലാണ് ഇവരിപ്പോഴുള്ളത്. രക്ഷപ്പെട്ടവര്‍ക്ക് വേണ്ട എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.