തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ തിരുവനന്തപുരം അതിരൂപത മെത്രാന്‍ ഡോ. സൂസപാക്യം സംതൃപ്തി രേഖപ്പെടുത്തി.

ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഡോ.സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് സര്‍ക്കാര്‍ നടപടികളില്‍ അദ്ദേഹം സംതൃപ്തി അറിയിച്ചത്. 

സര്‍ക്കാര്‍ നടപടികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. വിഴിഞ്ഞം തീരത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കെതിരേയുണ്ടായ പ്രതിഷേധം ദൗര്‍ഭാഗ്യകരമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കണമെന്നും ഡോ. സൂസപാക്യം കൂട്ടിച്ചേര്‍ത്തു. 

മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കണമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ ആവശ്യമായ എല്ലാം നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന് ഉറപ്പ് നല്‍കി. പരിക്കേറ്റവര്‍ക്കു ആവശ്യമായ ചികിത്സാ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

കടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരും. ഭാവിയില്‍ ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കൂട്ടായി ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
സെക്രട്ടറി ജൂഡിറ്റ് പയസ് ലോറന്‍സും അതിരൂപത മെത്രാനോടൊപ്പം ഉണ്ടായിരുന്നു.