കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇനി കൊച്ചി കേന്ദ്രീകരിച്ച്. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗം കൂട്ടാനാണ് ഈ മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരും വിവിധ സേനാംഗങ്ങളും ഇന്നുതന്നെ തിരുവനനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇതിനിടെ, തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി തിരച്ചിലിന്റെ ദുരപരിധി വര്‍ധിപ്പിക്കാനും നീക്കമുണ്ട്. നിലവില്‍ 40 നോട്ടിക്കല്‍ മൈല്‍ വരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചത്. എന്നാല്‍, ഈ ആരോപണം സേന നിഷേധിച്ചിരുന്നു. 

ഇതിനിടെ തിരച്ചലിനുപോയ മൂന്ന് ബോട്ടുകളിലായി 32 പേര്‍ ഇന്ന് കരയിലെത്തി. കൊച്ചിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവരാണ് കരയിലെത്തിയതായി വിവരം ലഭിച്ചത്. ലക്ഷദ്വീപിലെ ബിത്ര തീരത്താണ് ഇവര്‍ എത്തിയത്. മരിയ എന്ന ബോട്ടില്‍ എട്ടുപേരും പെരിയനായക, സെന്റ് ജോസഫ് എന്നീ ബോട്ടുകളിലായി 12 പേര്‍ വീതവുമാണ് കരയില്‍ എത്തിയത്.