തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്തെ മരണസംഖ്യ ഉയരുന്നു. ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മരിച്ച പതിനൊന്നു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. 

ഏഴ്‌ മൃതദേഹങ്ങള്‍ തിരുവനന്തപുരത്തും മൂന്ന് മൃതദേഹങ്ങള്‍ കൊല്ലത്തും ഒരെണ്ണം ലക്ഷദ്വീപിലുമാണ് കണ്ടെത്തിയത്. ഏറെ വൈകിയാണ് വിഴഞ്ഞത്ത് നിന്ന് നാല് മൃതദേഹവും പൂന്തുറയില്‍ നിന്ന് ഒരു മൃതദേഹവും കണ്ടെടുത്തത്.. ഇതോടെ ഇന്ന് മാത്രം പതിനൊന്ന് മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍, മരണം സംഭവിച്ച് ദിവസങ്ങള്‍ പിന്നിട്ടതിനാല്‍ മൃതദേഹം അഴുകിയ നിലയിലാണ്. അതുകൊണ്ട് തന്നെ മരിച്ച പലരെയും ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഇനി 92 പേരെ കൂടി രക്ഷിക്കാനുണ്ടെന്നാണ് മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ഓഫിസ് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ 40 പരമ്പരാഗത ബോട്ടുകളാണ് തിരച്ചില്‍ നടത്തുന്നതിനായി കടലില്‍ പോയിരിക്കുന്നത്. തീരത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ഇവര്‍ തിരച്ചില്‍ നടത്തുന്നത്.

ഓഖി ദുരന്തം ഉണ്ടായതിന് ശേഷം ഇത്രയധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. നൂറില്‍ അധികം മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന ഔദ്യോഗിക അറിയിപ്പിനെ തുടര്‍ന്ന് നാവിക, വ്യോമ സേനയ്ക്ക് പുറമെ മത്സ്യത്തൊഴിലാളികളും തിരച്ചിലിനിറങ്ങിയിരുന്നു.

മരണ സംഖ്യ ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച വൈകുന്നേരം വിഴിഞ്ഞം തീരത്തെ മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി എത്തിയതിനെ തുടര്‍ന്ന് നൂറു കണക്കിന് ആളുകളാണ് അദ്ദേഹത്തോട് പരാതി പറയാനായി തടിച്ചു കൂടിയത്. 

കടലാക്രമണത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മത്സ്യത്തൊഴിലാളികളെ ഇന്നലെ പിണറായി സന്ദര്‍ശിച്ചിരുന്നു. എന്നാല്‍, ഇതാദ്യമാണ് മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദര്‍ശിക്കുന്നത്. 

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര പ്രതിനിധികളും ഇന്ന് കേരളത്തില്‍ എത്തിയിട്ടുണ്ട്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് ദുരന്തബാധിക സ്ഥലം സന്ദര്‍ശിച്ചത്. 

കണ്ണന്താനം തിരുവനന്തപുരത്തെ വിഴിഞ്ഞം, പൂന്തുറ തുടങ്ങിയ തീരദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്നാല്‍, ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരത്തെത്തിയ നിര്‍മല സീതാരാമന്‍ കന്യാകുമാരിയിലേക്ക് പോയി.