തിരുവനന്തപുരം: കേരള തീരത്തേക്ക് ചുഴലിക്കാറ്റ് അടുക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ 'ഓഖി' ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെട്ടു. തെക്കന്‍ കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശും. ന്യൂനമര്‍ദ്ദം ലക്ഷദ്വീപ് ഭാഗത്തേക്കാണ് നീങ്ങുന്നതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരന്തനിവാരണ സേന കന്യാകുമാരിയിലേക്ക് തിരിച്ചു.

Idukki
ഇടുക്കിയില്‍ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് തകര്‍ന്ന ജീപ്പ്. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.

 കനത്ത മഴയില്‍ കൊല്ലം കുളത്തൂപ്പുഴയില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ജിഷ്ണുവാണ് മരിച്ചത്.  തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മരം കടപുഴകി വീണു. വിഴിഞ്ഞത്ത് മഴയില്‍ മരം കടപുഴകി വീണ് സ്ത്രീക്ക് പരിക്കേറ്റു. കന്യാകുമാരിയില്‍ ശക്തമായ കാറ്റില്‍ മരം വീണ് മൂന്ന് പേര്‍ മരിച്ചു. ദേശീയ പാതയില്‍ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഇടുക്കി ജില്ലയില്‍ പേമാരിയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ തകര്‍ന്നു. പുളിയന്മലയില്‍ 11 കെ.വി വൈദ്യുതി തൂണ്‍ ഒടിഞ്ഞ് ജീപ്പിന് മുകളില്‍ വീണു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ജില്ലയില്‍ വ്യാപക കൃഷിനാശവുമുണ്ട്.

 

rain
തിരുവനന്തപുരത്ത് കനത്ത മഴയെത്തുടര്‍ന്ന് മരം കടപുഴകി വീണപ്പോള്‍.  ഫോട്ടോ: എം.പ്രവീണ്‍.

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, കോട്ടയം ജില്ലകളിലൂടെ രാത്രി യാത്ര ഒഴിവാക്കണമെന്നും, അയ്യപ്പന്മാര്‍ മല കയറാന്‍ കാനന പാത ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 

കനത്ത മഴയെ തുടര്‍ന്ന് നാഗര്‍ കോവില്‍ കൊച്ചുവേളി, കൊച്ചുവേളി-നാഗര്‍ കോവില്‍, കൊല്ലം-കന്യാകുമാരി മെമു ട്രെയിനും തിരുവനന്തപുരം നാഗര്‍ കോവില്‍ പാസഞ്ചറും റദ്ദാക്കി. നിരവധി ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. 

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉച്ചയ്ക്ക് 12 മണി മുതല്‍ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പാലിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെട്ടുകാട് മത്സ്യബന്ധനത്തിന് പോയവരെ കാണാതായി. 

തിരുവനന്തപുരം ജില്ലയുടെ മലയോര മേഖലകളില്‍ മഴ കനത്തിട്ടുണ്ട്.  നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍  ഉയര്‍ത്താനും സാധ്യതയുണ്ട്. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഇടുക്കിയില്‍ പലയിടത്തും കനത്ത കാറ്റ് വീശുന്നുണ്ട്. കോട്ടയത്തും രാവിലെ മുതല്‍ മൂടിയ കാലാവസ്ഥയും മഴയുമാണ്.

അമ്പൂരി വനത്തിനുള്ളില്‍ ഉരുള്‍പൊട്ടലുണ്ടായി. കനത്ത മഴയെത്തുടര്‍ന്ന് പാറശാലയിലെ ഉപജില്ലാ കലോത്സവവേദികള്‍ മൂന്നെണ്ണം തകര്‍ന്നു വീണു.