തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കടലില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനും മരണപ്പെട്ടവരുടെ മൃതദേഹം കരയിലെത്തിക്കുന്നതിനും കപ്പലുകളുപയോഗിച്ചുള്ള തിരച്ചില്‍ പത്ത് ദിവസം കൂടി തുടരണമെന്ന നാവികസേന, തീരദേശ സേന, വ്യോമസേന എന്നീ വിഭാഗങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ് ഗാര്‍ഡിനും അടിയന്തര സന്ദേശമയച്ചു.

നാവിക സേനയും തീരദേശ സേനയും ആവശ്യമായ കപ്പലുകള്‍ ഉപയോഗിച്ച് ആഴക്കടലില്‍ തിരച്ചില്‍ നടത്തണം. കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തിച്ച്‌ മത്സ്യത്തൊഴിലാളികളെ കൂടെ തിരച്ചിലിന് ഒപ്പം കൂട്ടണമെന്നും ചീഫ് സെക്രട്ടറിയുടെ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തെരച്ചിലിന് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ള മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം കളക്ടറുടെ നേതൃത്വത്തില്‍ വിഴിഞ്ഞത്ത് എത്തിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. 

കപ്പലിന് പുറമെ തിരച്ചിലിനായി ഉപയോഗിക്കുന്ന ബോട്ടുകളിലും മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തണം. തിരദേശ സേനയും നാവിക സേനയും ആവശ്യപ്പെട്ടാല്‍ ഭരണതലത്തിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ തിരച്ചിലിന് പോകുന്ന കപ്പലില്‍ അയയ്ക്കണമെന്നും ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. 

രക്ഷപ്പെടുത്തുന്നവര്‍ക്ക് ചികിത്സ നല്‍കുന്നതിനും കണ്ടെത്തുന്ന മൃതദേഹം സൂക്ഷിക്കുന്നതിനും പ്രധാന തീരപ്രദേശങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കും. 

പത്ത് ദിവസത്തിന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നാവിക സേന, വ്യോമസേന, തീരദേശ സേന തുടങ്ങിയവയുടെ ഉദ്യോഗസ്ഥരുമായി ഇക്കാര്യം ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.