തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവരില്‍ മൂന്നു പേരുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയില്‍ വെച്ചാണ് മൂന്ന് മൃതദേഹവും ലഭിച്ചത്. 

തീരസേന നടത്തിയ തിരച്ചിലില്‍ രണ്ട് മൃതദേഹവും ആലപ്പുഴ പുറം കടലില്‍ നിന്ന് ഒരു മൃതദേഹവുമാണ് കണ്ടെടുത്തത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 36 ആയി. 

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് എട്ട് ദിവസം പിന്നിട്ടിട്ടും കാണാതായവരുടെ എണ്ണത്തില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിന് കഴിയാത്തത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 

പരമ്പാരഗത വള്ളങ്ങളിലും ചെറുബോട്ടുകളിലുമായി നിരവധി ആളുകള്‍ കടലില്‍ പോയിട്ടുണ്ടെന്നാണ് ലത്തീന്‍ അതിരൂപത അറിയിച്ചിരുന്നത്. കടലില്‍ നിരവധി ബോട്ടുകള്‍ കുടുങ്ങിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെട്ട് കരയ്ക്ക് എത്തിയവരും അറിയിച്ചു. 

എന്നാല്‍, കൊച്ചി കേന്ദ്രീകരിച്ച് നാവിക സേനയുടെയും വ്യോമസേനയുടെയും തീരദേശ സേനയുടെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

92 പേരെ ഇനി കണ്ടെത്താനുള്ളു എന്നാണ് റവന്യു വകുപ്പ് നല്‍കിയിരുന്ന കണക്ക്. എന്നാല്‍, 200 ഓളെ പേരെ ഇനിയും കണ്ടെത്താനുണ്ടെന്നായിരുന്നു ലത്തീന്‍ രൂപതയുടെ വാദം. ഇതേതുടര്‍ന്ന് കാണാതായവരെ സംബന്ധിച്ച് പുതിയ പട്ടിക തയാറാക്കാന്‍ വിലേജ് ഓഫീസുകള്‍ക്ക് റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. 

തിരുവനന്തപുരത്ത് നിന്നു മാത്രം 201 പേര്‍ കടലില്‍ പോയിട്ടുണ്ടെന്നും ഇതില്‍ ചെറുവള്ളങ്ങളില്‍ പോയിട്ടുള്ള 108 പേരുടെ കാര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്നും ലത്തീല്‍ രൂപത അറിയിച്ചിരുന്നു.