കോഴിക്കോട്/തിരുവനന്തപുരം:  ദേശീയ അഗ്നിരക്ഷാ വാരാഘോഷത്തിന്റെ  ഭാഗമായി ഇന്നു രാവിലെ സംസ്ഥാന അഗ്നിരക്ഷാ വകുപ്പിന്റെയും കേരള സിവിൽ ഡിഫൻസിന്റെയും  ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുനിന്നും കോഴിക്കോടു നിന്നും സൈക്ലത്തോണുകൾ ആരംഭിച്ചു.

കോഴിക്കോട് മീൻചന്ത ഫയർ സ്റ്റേഷനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കോഴിക്കോട് റീജനൽ ഫയർ ഓഫീസർ ടി. രജീഷ് സൈക്ലത്തോണിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ചടങ്ങിൽ കോഴിക്കോട് ഡി എഫ്ഒ മൂസ വടക്കേതിൽ, സ്റ്റേഷൻ ഓഫീസർ ടി.വി. വിശ്വാസ്, കോഴിക്കോട് സിവിൽ ഡിഫൻസ് ചീഫ് വാർഡൻ സിനീഷ്, എറണാകുളം ഡിവിഷനൽ വാർഡൻ ബിനു മിത്രൻ തുടങ്ങിയവർ പങ്കെടുത്തു. 

 

cyclathon

കൊച്ചി ഐഎടിഡബ്ല്യുആർ ഡയറക്ടറും റീജനൽ ഫയർ ഓഫീസറുമായ എംജി രാജേഷ് ആണ് കോഴിക്കോട് നിന്നുള്ള സൈക്ലത്തോൺ ടീമിന്റെ റൈഡ് കമാൻഡർ . കൊച്ചി ഐഎ ടിഡബ്ല്യുആർ സ്റ്റേഷൻ ഓഫീസർ പ്രേംനാഥ് റൈഡ് ലീഡറായും ഒപ്പമുണ്ട്. ഇവരോടൊപ്പംഅഗ്നിരക്ഷാ വകുപ്പിലെയും സിവിൽ ഡിഫൻസിലെയും സൈക്കിളിസ്റ്റുകൾ പങ്കെടുക്കുന്ന  സൈക്ലത്തോണുകൾ വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് 17 ന് രാവിലെ കൊച്ചിയിൽ സംഗമിക്കും. 

ദേശീയ ഫയർ സർവീസ് ഡേയുടെ ഭാഗമായി അഗ്നിസുരക്ഷയും മുൻകരുതലുകളും ആയി ബന്ധപ്പെട്ട ബോധവൽക്കരണത്തിന്റെ  ഭാഗമായാണ് ഇത്തരത്തിലൊരു പരിപാടി  സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു  വനിതകൾ ഉൾപ്പെടെയുള്ള സിവിൽ ഡിഫൻസ് വോളന്റിയർമാരും സൈക്ലത്തോണിൽ  പങ്കു ചേരുന്നു.