തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ ഉടന്‍ കേരളത്തിലേക്ക് കൊണ്ടുവരും. ശിശുക്ഷേമ സമിതി ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തിരികയെത്തിക്കണമെന്നാണ് ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. 

പോലീസ് സംരക്ഷണയിലാണ് ആന്ധ്രാപ്രദേശില്‍ നിന്നും കുഞ്ഞിനെ തിരിച്ചെത്തിക്കുക. കുഞ്ഞിനെ കേരളത്തില്‍ എത്തിച്ച ശേഷം ഡിഎന്‍എ പരിശോധനയും നടത്തും. നിലവില്‍ ആന്ധ്രാ സ്വദേശികളായ ദമ്പതികള്‍ക്ക് ഒപ്പമാണ് കുഞ്ഞ് കഴിയുന്നത്. 

വ്യാഴാഴ്ച 11 മണിക്ക്‌ ഉത്തരവ് കൈപ്പറ്റാന്‍ വരണമെന്ന് ശിശുക്ഷേമ സമിതിയില്‍നിന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഉത്തരവിലെ ഉള്ളടക്കത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും കുഞ്ഞിനെ കൊണ്ടുവരാനുള്ള ഉത്തരവാണെങ്കില്‍ ഏറെ സന്തോഷമെന്നും അനുപമ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 

അതേസമയം, സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.  

content highlgihts: CWC order to bring back Anupama's child