തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പഠിച്ച് സി.വി. ആനന്ദബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കെ. സുരേന്ദ്രന്റെ നേതൃമാറ്റ വിഷയത്തിലും ശുപാര്‍ശകള്‍. സുരേന്ദ്രനെ മാറ്റണമെന്ന് നിരവധി പരാതികള്‍ നേതാക്കളും പ്രവര്‍ത്തകരും ആനന്ദബോസിന് നേരിട്ടും ഇമെയില്‍ വഴിയും അറിയിച്ചിരുന്നു. അതേസമയം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ അല്ലാതെ നേതാക്കള്‍ നേതൃമാറ്റത്തിനായി മുറവിളി കൂട്ടിയിട്ടുമുണ്ടെന്നാണ് വിവരം.

തിരഞ്ഞെടുപ്പിലെ ദയനീയപരാജയം, അതിന്റെ കാരണങ്ങള്‍, പരിഹാരം, സാമ്പത്തിക ആരോപണം എന്നിവയെല്ലാം വിശദീകരിക്കുന്ന റിപ്പോര്‍ട്ടാണ് ആനന്ദബോസ് മോദിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. സുരേന്ദ്രന്‍ നേതൃത്വത്തില്‍ തുടരുന്നത് സംബന്ധിച്ച സംഘടനാകാര്യത്തിലും ആനന്ദബോസ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. നേതൃമാറ്റ വിഷയത്തില്‍ സംസ്ഥാന നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയുള്ളവര്‍ക്ക് പറയാനുള്ളത് ആനന്ദബോസ് കേട്ടിട്ടുമുണ്ട്. 

സാധാരണ ബി.ജെ.പി. പ്രവര്‍ത്തകര്‍, നേതാക്കളുടെ ഡ്രൈവര്‍മാര്‍ തുടങ്ങി വിവിധതലത്തിലുള്ളവരുടെ അഭിപ്രായവും അദ്ദേഹം സ്വരൂപിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ നേതൃമാറ്റം വേണമെന്നും വേണ്ടെന്നുമുള്ള ആവശ്യങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ എല്ലാ തലങ്ങളില്‍നിന്നും ആനന്ദബോസിന്റെ മുന്നിലെത്തി. ഇവയെല്ലാം പരിശോധിച്ച് നേതൃമാറ്റത്തെ കുറിച്ചുള്ള തന്റെ ശുപാര്‍ശ ഉള്‍പ്പെടുത്തിയാണ് പ്രധാനമന്ത്രിക്ക് നല്‍കിയതെന്ന് ആനന്ദബോസ് മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. റിപ്പോര്‍ട്ട് പ്രധാനമന്ത്രി പരിഗണിക്കാനിരിക്കെ തന്റെ ശുപാര്‍ശയെ കുറിച്ച് വെളിപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായിരുന്നാലും ആനന്ദബോസിന്റെ റിപ്പോര്‍ട്ട് സുരേന്ദ്രന്റെ ഭാവിയുടെ കാര്യത്തില്‍ നിര്‍ണായകമാകും. 

കേരള ബി.ജെ.പിയില്‍ കാലങ്ങളായി തുടരുന്ന രൂക്ഷമായ ഗ്രൂപ്പിസത്തെ കുറിച്ചും ആനന്ദബോസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. നേതൃമാറ്റം വേണമെന്ന ആവശ്യവും നേതൃപരാജയവും വിശദീകരിച്ച് ആനന്ദബോസിനും ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കും സംസ്ഥാന ഭാരവാഹികള്‍ അടക്കം ഇ മെയില്‍ അയച്ചിട്ടുണ്ട്. കൃഷ്ണദാസ് പക്ഷം, ശോഭാപക്ഷം എന്നിങ്ങനെ അല്ലാതെ വ്യക്തിപരമായാണ് വലിയ വിഭാഗം നേതാക്കള്‍ മെയില്‍ അയച്ചിട്ടുള്ളതെന്ന് മുതിര്‍ന്ന സംസ്ഥാന ഭാരവാഹി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.

content highlights: cv anandabose report on bjp's failure in assembly polls, change in leadership