കൊച്ചി:  സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. അയ്യപ്പന്റെ വീട്ടുവിലാസത്തിലാണ് ഇത്തവണ നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്തദിവസം തന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. 

ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇത് മൂന്നാംതവണയാണ് അയ്യപ്പന് കസ്റ്റംസ് നോട്ടീസ് നല്‍കുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ ഓഫീസ് വിലാസത്തിലാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പന് നിയമപരിരക്ഷയുണ്ടെന്നും ചോദ്യംചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണമെന്നും നിയമസഭ സെക്രട്ടറി കസ്റ്റംസിന് കത്തുനല്‍കി. ഇതോടെയാണ് അയ്യപ്പന്റെ വീട്ടുവിലാസത്തില്‍ പുതിയ നോട്ടീസ് നല്‍കിയത്. 

അസി. പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ സ്പീക്കറുടെ മുന്‍കൂര്‍ അനുമതി വേണ്ടെന്നാണ് കസ്റ്റംസിന്റെ നിലപാട്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയതെന്നും സ്പീക്കറുടെ പേഴ്‌സണല്‍ സ്റ്റാഫിന് ചട്ടം 165 ബാധകമല്ലെന്നും കസ്റ്റംസ് പറയുന്നു. പക്ഷേ, ഓഫീസ് വിലാസത്തില്‍ നോട്ടീസ് നല്‍കിയിട്ടും മുന്‍കൂര്‍ അനുമതി വേണമെന്നായിരുന്നു നിയമസഭ സെക്രട്ടറി കസ്റ്റംസിന് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നത്.

കെ. അയ്യപ്പന്‍ നിയമസഭ സെക്രട്ടേറിയറ്റിന്റെ പരിധിയില്‍ വരുന്നയാളാണെന്നും അതിനാല്‍ ചോദ്യംചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണമെന്നുമായിരുന്നു കത്തില്‍ വ്യക്തമാക്കിയിരുന്നത്. 

Content Highlights: customs sent notice to k ayyappan on his home address