കൊച്ചി: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഏഴ് മണിക്കുശേഷം ചോദ്യംചെയ്യല്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് അയ്യപ്പനെ കസ്റ്റംസിന്റെ വാഹനത്തിലാണ് പുറത്തേക്ക് കൊണ്ടുപോയത്.
അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും കസ്റ്റംസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയെന്നുമാണ് പുറത്തുവരുന്ന വിവരം. മൊഴി കസ്റ്റംസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യുമോ എന്നകാര്യം വ്യക്തമല്ല. ഇന്ന് നല്‍കിയ മൊഴി പരിശോധിച്ച ശേഷമാവും വീണ്ടും ചോദ്യംചെയ്യുന്നത് സംബന്ധിച്ച തീരുമാനം കസ്റ്റംസ് എടുക്കുകയെന്നാണ് സൂചന.
തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍വച്ച് സ്പീക്കര്‍ ഡോളര്‍ അടങ്ങിയ ബാഗ് കൈമാറുകയും അത് യുഎഇ കോണ്‍സിലേറ്റില്‍ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തത്.
നേരത്തെ രണ്ടു തവണ ഫോണിലൂടെയും വാട്‌സാപ്പിലൂടെയും കസ്റ്റംസ് സമന്‍സ് അയച്ചിരുന്നുവെങ്കിലും അയ്യപ്പന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. അഭ്യൂഹങ്ങള്‍ക്ക് വിരാമിട്ടുകൊണ്ടാണ് ഇന്ന് രാവിലെ അദ്ദേഹം കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്.
Content Highlights: Customs questions Speaker's asst. private secretary over 9 hours