കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ വിലക്കി ജയില്‍ വകുപ്പ്. നിലവിലെ ജയില്‍ നിയമം അനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കി ജയില്‍ ഡി.ജി.പി. സര്‍ക്കുലര്‍ പുറത്തിറക്കി. 

സാധാരണ ഗതിയില്‍ കോഫെ പോസെ തടവുകരുടെ സന്ദര്‍ശകര്‍ക്കൊപ്പം അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥനെ അനുവദിക്കാറുണ്ട്. കോഫെപോസെ തടവുകാരിയായാണ് സ്വപ്‌ന സുരേഷിനെ അട്ടക്കുളങ്ങര ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസംവരെ സ്വപ്‌ന സുരേഷിന്റെ ബന്ധുക്കളടക്കമുള്ള സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.

കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ബന്ധുക്കള്‍ക്കൊപ്പം എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയില്‍ അധികൃതര്‍ തിരിച്ചയച്ചു. ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ്ങിന്റെ പുതിയ സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കോഫെപോസെ നിയമത്തില്‍ സംസ്ഥാനത്തിന്റെ ചട്ടം അനുസരിച്ച് അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സാധാരണ ജയില്‍ നിയമമാണ് കോഫെപോസെ തടവുകാര്‍ക്കും ബാധകമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ സര്‍ക്കുലര്‍ അട്ടക്കുളങ്ങര ജയിലിനും പൂജപ്പുര സെന്‍ട്രല്‍ ജയിലിനും കൈമാറിയിട്ടുണ്ട്. 
 
എന്നാല്‍, ജയില്‍ വകുപ്പിന്റെ സര്‍ക്കുലര്‍ ചട്ടവിരുദ്ധമാണെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാണിക്കുന്നത്. സ്വപ്‌ന സുരേഷിന്റെ കാര്യത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നും കസ്റ്റംസ് ആരോപിക്കുന്നു.

Content Highlights: Customs officials will not be allowed to accompany with swapna suresh's visitors; DGP's Circular