കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസും സി.പി.എമ്മും തുറന്ന പോരിലേക്ക്. ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണം. 

എല്‍.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള സുമിത് കുമാറിന്റെ പ്രതികരണം.

കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

content highlights: customs commissioner sumith kumar faebook post against LDF