കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് സ്ഥലംമാറിപ്പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇടപെടലുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. തന്റെ റിപ്പോര്‍ട്ടിങ് ഓഫീസര്‍ മുഖ്യമന്ത്രിയല്ല. താന്‍ മാത്രമാണ് സ്ഥലം മാറിപ്പോകുന്നത്, തന്റെ ഉദ്യോഗസ്ഥര്‍ ഇവിടെത്തന്നെ ഉണ്ട്. സംസ്ഥാനത്തിനെതിരേ കേന്ദ്രം കസ്റ്റംസിനെ ഉപയോഗിക്കുന്നു എന്നത് അസംബന്ധമാണ്. കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണം വിഡ്ഢിത്തമാണെന്നും സുമിത് കുമാര്‍ പറഞ്ഞു. 

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചില ഇടപെടലുകള്‍, സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി എന്ന് സുമിത് കുമാര്‍ പറഞ്ഞു. എന്നാല്‍ ഏത് ഭാഗത്തുനിന്നാണ് ഇടപെടല്‍ ഉണ്ടായതെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയിട്ടില്ല. ഭരിക്കുന്ന പാര്‍ട്ടിയെന്നോ മറ്റ് ആരെങ്കിലുമെന്നോ പറയുന്നില്ല. പക്ഷേ അത്തരത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായി. അത് എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകുന്നതാണെന്നും താന്‍ നിയമത്തിന്റെ വഴിക്കാണ് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

അതൊടൊപ്പം കസ്റ്റംസിനെതിരായ ജുഡീഷ്യല്‍ അന്വേഷണത്തെ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. ജുഡീഷ്യല്‍ അന്വേഷണം എന്നത് വിഡ്ഢിത്തമാണ്. സര്‍ക്കാരിനെതിരേ താനൊരു കമ്മീഷനെ വെച്ചാല്‍ എങ്ങനെയിരിക്കും? സര്‍ക്കാര്‍ ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമ്മീഷനെ വെയ്ക്കുന്നത് രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് സര്‍ക്കാരിനെ മോശക്കാരാക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തേക്കുറിച്ചുള്ള ചോദ്യത്തിന് അത് അസംബന്ധമാണ് എന്നാണ് അദ്ദേഹം പ്രതികരിച്ചത്. നിയമപരമായ വഴിക്കാണ് കസ്റ്റംസ് പോകുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. വിദേശത്തേക്ക് കടന്ന ആളുകളുടെ കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ച നടത്തുകയാണ്. ഡോളര്‍ കടത്ത് കേസില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Customs commissioner Sumit Kumar against Kerala Government