മരടിലെ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റ്. ഫയൽ ഫോട്ടോ - ശംഭു.വി.എസ്
ന്യൂഡല്‍ഹി: തീരദേശ നിയന്ത്രണ മേഖല (CRZ)യുമായി ബന്ധപ്പെട്ട എല്ലാ നിയമ പ്രശനങ്ങളും അറിഞ്ഞുകൊണ്ടാണ് ഉടമകള്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയതെന്ന് മരടിലെ ഹോളി ഫെയ്ത് നിര്‍മ്മാതാക്കള്‍. ഫ്‌ളാറ്റ് പണിയാന്‍ അനുവദിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിന് സിവില്‍ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും ഹോളി ഫെയ്ത് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചു. ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും.
മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുകയുടെ പകുതി എങ്കിലും കെട്ടിവയ്ക്കാന്‍ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളോട് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച നിര്‍ദേശിച്ചിരുന്നു. പണം കെട്ടിവയ്ക്കുന്നില്ല എങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിടുമെന്ന് ജസ്റ്റിസ് നവീന്‍ സിന്‍ഹ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹോളി ഫെയ്ത് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഫ്‌ളാറ്റ് ഉടമകള്‍ സഹസംരംഭകര്‍ ആണ്. അതിനാല്‍ അവര്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ കഴിയില്ല. തീരദേശ നിയന്ത്രണ മേഖലയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും അറിഞ്ഞശേഷം സ്വമേധയാ ഫ്‌ളാറ്റുകള്‍ വാങ്ങിയവരാണ് ഉടമകള്‍. അനധികൃതമായി ഫ്‌ളാറ്റുകള്‍ കെട്ടാന്‍ അനുവദിച്ചവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്ന് നേരത്തെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഉത്തരവാദികളെ കണ്ടെത്താന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ അനുവദിക്കണമെന്നും ഹോളി ഫെയ്ത് ഉടമകള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
നഷ്ടപരിഹാര തുക തങ്ങളില്‍ നിന്ന് ഈടാക്കണമെന്നുണ്ടെങ്കില്‍ ഫ്‌ളാറ്റ് നിലനിന്ന 92.3 സെന്റ് സ്ഥലം ലേലം ചെയ്യാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതിയോട് നിര്‍ദേശിക്കണമെന്ന് ഹോളി ഫെയ്ത് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാം നല്‍കാന്‍ ആവശ്യമായി വരുന്ന അധികതുക കണ്ടെത്താന്‍ തങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാന്‍ അനുവദിക്കണമെന്നും ഹോളി ഫെയ്ത് സുപ്രീം കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Content Highlights: CRZ cases Maradu flat demolition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..