തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും  വിമര്‍ശനം. ഉമ്മൻചാണ്ടി യോഗത്തിൽ വരാതിരുന്നത് ശരിയായില്ലെന്ന് പി ജെ കുര്യൻ അഭിപ്രായപ്പെട്ടു. ഒരാളുടെ സൗകര്യം മാത്രം നോക്കി യോഗം മാറ്റിവെക്കരുതെന്ന് ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ച് പി സി ചാക്കോയും യോഗത്തില്‍ ആക്ഷേപമുന്നയിച്ചു. യോഗത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി വിട്ടു നില്‍ക്കുന്നത് സൂചിപ്പിച്ചാണ് പി സി ചാക്കോയുടെ പരാമര്‍ശം.

ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ച് പരോക്ഷമായ വിമര്‍ശനമാണ് കെ സി വേണുഗോപാല്‍ എം പി നടത്തിയത്. എല്ലാമാസവും രാഷ്ട്രീയകാര്യസമിതി യോഗം ചേരണമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ സമിതിയോഗത്തില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി നിര്‍ത്താനാവില്ലെന്ന് പറഞ്ഞ് കൊണ്ട് കെ.മുരളീധരന്‍ ഉമ്മന്‍ചാണ്ടിക്ക് പിന്തുണ അറിയിച്ചു.താന്‍ ഇല്ലാതെയും സമിതി യോഗം ചേരണമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടി എം എം ഹസ്സനും ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി സംസാരിച്ചു.

രാജ്‌മോഹന്‍ ഉണ്ണിത്താനും താനും തമ്മിലുണ്ടായ വിവാദങ്ങളില്‍ കെ പി സി സി പ്രസിഡന്റ് ഇടപെട്ടില്ല എന്ന പരാതിയും മുരളീധരന്‍ ഉന്നയിച്ചു. താന്‍ പാര്‍ട്ടിയുടെ നന്‍മയെ കരുതിയാണ് വിമര്‍ശനമുന്നയിച്ചതെന്നും എന്നാല്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രകോപനമുണ്ടാക്കിയിട്ടും കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ പ്രതികരിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. മുൻ കെ പി സി സി പ്രസിഡന്റിനെ അപമാനിച്ചിട്ടും ഇടപെട്ടില്ലെന്ന് പറഞ്ഞ്കൊണ്ട് ബെന്നി ബഹനാനും സുധീരന് നേരെ വിമർശനം ഉന്നയിച്ചു. കെ പി സി സി അധ്യക്ഷനെതിരെ കെ സി വേണുഗോപാലും രംഗത്ത് വന്നു. സഹകരണസമരത്തിലും മാവോയിസ്റ്റ് വേട്ടയിലും തന്നിഷ്ടപ്രകാരം നിലപാടെടുത്തുവെന്നായിരുന്നു സുധീരന് നേരെയുള്ള കെ സി വേണുഗോപാലിന്റെ ആരോപണം.
ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച് രാഹുല്‍ഗാന്ധിയെ കാണും.