
മൂവാറ്റുപുഴ നെഹ്റു പാർക്കിൽ എത്തിയ കുരങ്ങൻ
മൂവാറ്റുപുഴ : കാക്കക്കൂട്ടിൽ കൈയിട്ട് മുട്ടകൾ പൊട്ടിച്ച കുരങ്ങന് കാക്കൂട്ടം കൊടുത്തത് എട്ടിന്റെ പണി. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ മൂവാറ്റുപുഴ നഗരത്തിലെ നെഹ്റു പാർക്കിലാണ് സംഭവം.
പാലത്തിനോടു ചേർന്നുള്ള വാകമരങ്ങളിൽ ചാടിക്കളിച്ചു നടക്കുകയായിരുന്നു കുരങ്ങച്ചാർ. മരങ്ങളിലൊന്നിൽ കാക്കക്കൂട് കണ്ടതോടെ കുരങ്ങന് നേരമ്പോക്കായി. കൂട്ടിനകത്ത് െെകയിട്ട് വലിച്ചതോടെ മുട്ടകൾ താഴെപ്പോയി. ടാക്സി സ്റ്റാൻഡിന്റെ മുന്നിലാണ് മുട്ടകൾ വീണത്. ഇതോടെ സംഭവം കൈവിട്ടു. അമ്മക്കാക്ക വേദനയോടെ നിർത്താതെ കരഞ്ഞുവിളിച്ചു. നിമിഷ നേരംകൊണ്ട് നൂറുകണക്കിന് കാക്കകൾ ഇവിടേക്കെത്തി. കുരങ്ങനെ സംഘം ചേർന്ന് ആക്രമിച്ചു.
മരങ്ങളിൽനിന്ന് മരങ്ങളിലേക്കും പാലത്തിന്റെ കൈവരിയിലേക്കുമൊക്കെ കുരങ്ങച്ചാർ പ്രാണനും കൊണ്ട് പാഞ്ഞു. പക്ഷേ, പ്രതികാരദാഹികളായ കാക്കകളുണ്ടോ വിടുന്നു. പിന്നാലെ പറന്നെത്തി കുരങ്ങനെ തലങ്ങും വിലങ്ങും കൊത്തി. ഏറെ നേരം നീണ്ട പോര് കാണാൻ യാത്രക്കാരും തടിച്ചുകൂടി. ഒടുവിൽ കുരങ്ങനെ നാടുകടത്തിയിട്ടേ കാക്കകൾ അടങ്ങിയുള്ളൂ. റോഡിന് എതിർവശത്തുള്ള കുട്ടികളുടെ ഉദ്യാനത്തിലേക്കാണ് കുരങ്ങച്ചൻ പ്രാണനും കൊണ്ട് കടന്നത്. കാക്കകളുടെ കുത്തേറ്റ് മേലാകെ നൊമ്പരപ്പെടുന്നുണ്ടെന്ന് മരങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന കുരങ്ങനെ കണ്ടാൽ മനസ്സിലാകും.
കഴിഞ്ഞ ദിവസമാണ് ഈ വികൃതിക്കക്ഷിയെ മൂവാറ്റുപുഴ നഗരത്തിൽ കണ്ടുതുടങ്ങിയത്. ലോക്ഡൗൺ ദിനമായിരുന്ന ഞായറാഴ്ച കച്ചേരിത്താഴത്ത് വന്നെത്തിയ ആൾ തിരക്കൊഴിഞ്ഞ പാലത്തിലൂടെ ഓടി നടന്നിരുന്നു. ചില വ്യാപാരികളും യാത്രക്കാരും ആഹാരവും വെള്ളവും നൽകി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..