മുസ്തഫ കാക്കകൾക്കൊപ്പം
കോട്ടയ്ക്കല്‍: ശത്രുതയുടെ കാര്യത്തില്‍ നമ്പര്‍വണ്‍ ആണ് കാക്കകള്‍. തത്തയെപ്പോലെയോ പ്രാവിനെപ്പോലെയോ അതിനെ ഇണക്കിയെടുക്കുക എളുപ്പമല്ല. എന്നാല്‍ വേങ്ങരയ്ക്കടുത്ത് ചേറൂര് ചിന്നമ്മപ്പടിയിലെ തയ്യില്‍ മുസ്തഫയുടെ വീട്ടില്‍ച്ചെന്നാല്‍ ആ ധാരണ തിരുത്തേണ്ടിവരും.
എപ്പോഴും ആ വീടിനെച്ചുറ്റിപ്പറ്റി രണ്ടു കാക്കകള്‍ ഉണ്ടാകും. മുസ്തഫ 'കാക്ക്വോ' എന്നൊന്നുവിളിക്കേണ്ടതാമസം രണ്ടു കാക്കകളും ഞൊടിയിടയില്‍ പറന്നുവരും. പിന്നെയങ്ങോട്ട് കൈയിലും തലയിലും തോളിലുമൊക്കെ കയറിയിരുന്ന് സ്നേഹപ്രകടനമാണ്. 'കാക്കേന്നോ കാക്കച്ചീന്നോ ഒന്നും ഞാന്‍ വിളിക്കൂലാ. അങ്ങനെ വിളിച്ചാ ഓല്ക്ക് ഇഷ്ടല്ല...', അത്രയ്ക്ക് അവരുടെ ഇഷ്ടംനോക്കിയാണ് മുസ്തഫയുടെയും പെരുമാറ്റം.
കാക്കകള്‍ മുസ്തഫയുമായി 'കട്ടക്കമ്പനി'യായിട്ട് ആറുമാസത്തിലേറെയായി. ഇങ്ങനെയൊരു കമ്പനി ഉണ്ടായതിന്റെ രഹസ്യം 'സിംപിളാ'ണ്. മുസ്തഫ ഉമ്മറത്തിരുന്നാണ് പതിവായി ഭക്ഷണം കഴിക്കാറ്.
ആസമയത്ത് മുറ്റത്ത് തത്തിനടക്കുകയായിരുന്ന കാക്കയ്ക്ക് ഒരിക്കല്‍ ഭക്ഷണം ഇട്ടുകൊടുത്തു. പിന്നീടത് ഭക്ഷണംകഴിക്കുമ്പോള്‍ അവിടെവരാന്തുടങ്ങി. അതിനൊപ്പം മറ്റൊരു കാക്കയും വന്നുതുടങ്ങി. ഇവ രണ്ടും കൈയില്വരെ കയറിയിരുന്ന് തിന്നാന്‍തുടങ്ങി. ചിലപ്പോള്‍ വേറേ കാക്കകളും ഉണ്ടാകാറുണ്ടെങ്കിലും ഏറേ സ്നേഹവും അടുപ്പവും ഈ രണ്ടെണ്ണത്തിനാണ്. പക്ഷേ, മുസ്തഫയല്ലാതെ വീട്ടിലെ മറ്റാരു വിളിച്ചാലും കാക്കകള്‍ അടുത്തുവരില്ല.
നാട്ടിലെവിടെ പാമ്പിനെക്കണ്ടാലും ആളുകള്‍ വിളിക്കുന്നത് മുസ്തഫയെയാണ്. വനംവകുപ്പിന്റെ പരിശീലനം കഴിഞ്ഞ, ലൈസന്‍സുള്ള പാമ്പുപിടിത്തക്കാരനാണ് മുസ്തഫ. പിതാവ് ചേറൂര് അബുവും പാമ്പുപിടിത്തക്കാരനായിരുന്നു. ?പന്നിയും നായയുമൊക്കെ കിണറ്റില്ച്ചാടിയാലും തേനീച്ചക്കൂട്, കടന്നല്‍ക്കൂട് എന്നിവ ഒഴിവാക്കണമെങ്കിലും മുസ്തഫയെ വിളിച്ചാല്മതി. എന്നാല്‍ പ്രധാനജോലി കിണര്‍പണി, പടവ് തുടങ്ങിയവയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..