എറണാകുളം: കൊച്ചി കപ്പല്‍ശാലയില്‍നിന്ന് ആക്രിസാധനങ്ങളുടെ മറവില്‍ കോടികളുടെ ഇരുമ്പുസാമഗ്രികള്‍ കടത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കപ്പല്‍ശാല മെറ്റീരിയല്‍ വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ അജിത് കുമാര്‍, ആക്രിസാധനങ്ങള്‍ നീക്കം ചെയ്യാന്‍ കരാറെടുത്ത സൗത്ത് ഇന്ത്യന്‍ സ്‌ക്രാപ്പേഴ്‌സ് ഉടമ മുഹമ്മദാലി എന്നിവരെ പ്രതിയാക്കി സി ബി ഐ കേസെടുത്തു. 

ഇരുവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയാണ്. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനെത്തുമ്പോള്‍ കപ്പല്‍ശാലയിലെ ഒരു ചടങ്ങിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പിന്നീട് റദ്ദാക്കി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വേദിയൊരുക്കുന്നതിന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ഇരുമ്പു സാമഗ്രികള്‍ കപ്പല്‍ശാലയില്‍നിന്ന് കടത്തിയെന്നാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി, കപ്പല്‍ശാലയില്‍ കൂട്ടിയിട്ടിരിക്കുന്ന ഇരുമ്പുസാമഗ്രികള്‍ നീക്കം ചെയ്യാന്‍ കൊടുത്ത കരാറില്‍ തിരിമറി നടന്നതായാണ് സി ബി ഐയുടെ നിഗമനം.

ആക്രിസാധനങ്ങള്‍ നീക്കം ചെയ്യാനായിരുന്നു കരാര്‍ നല്‍കിയത്. എന്നാല്‍ ഈ കരാറിന്റെ മറവില്‍  321 ലോഡ് ഇരുമ്പുസാമഗ്രികള്‍ കപ്പല്‍ശാലയില്‍നിന്ന് പുറത്തുകടത്തിയെന്നാണ് സി ബി ഐ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. രേഖകളില്‍ ഒന്നരലക്ഷം രൂപ മാത്രമാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടുകോടിയുടെ സാധനങ്ങള്‍ പുറത്തേക്കു പോയതായാണ് സി ബി ഐ കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കപ്പല്‍ശാലയിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് സി ബി ഐ  നല്‍കുന്ന സൂചന.