കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കും മുകേഷ് എംഎല്‍എയ്ക്കും വിമര്‍ശനം. വിവാദങ്ങള്‍ക്കിടയായ സംഭവങ്ങളില്‍ മന്ത്രിക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ് സെക്രട്ടറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നത്. മുകേഷിനെക്കൊണ്ട് പാര്‍ട്ടിക്ക് ഗുണമുണ്ടായില്ലെന്നും വിമര്‍ശനമുയര്‍ന്നു.

പി.കെ. ഗുരുദാസനാണ് മുകേഷിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. പാര്‍ട്ടിക്ക് മുകേഷിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എ. വരദരാജനും മുകേഷിനെതിരായ വിമര്‍ശനങ്ങളെ അംഗീകരിച്ചു. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും ഇതേ നിലപാടാണ് എടുത്തത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മുകേഷിനെത്തന്നെ മത്സരിപ്പിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനം എടുക്കുകയും ചെയ്തു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ജാഗ്രതക്കുറവുണ്ടായതായി വിമര്‍ശനമുയര്‍ന്നു. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ച് അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മേഴ്‌സിക്കുട്ടിയമ്മ. അങ്ങനെയുള്ള ആളില്‍നിന്ന് ഇത്തരത്തിലുള്ള ജാഗ്രതക്കുറവ് ഉണ്ടാകരുതായിരുന്നെന്ന് സെക്രട്ടറിയേറ്റില്‍ ചൂണ്ടിക്കാട്ടി. 

തിരഞ്ഞെടുപ്പില്‍ കുണ്ടറയിലെ സ്ഥാനാര്‍ഥിത്വത്തില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്കു തന്നെയാണ് പ്രഥമ പരിഗണന. ഏരിയാ സെക്രട്ടറി എസ്.എല്‍. സജികുമാറിനും ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എസ്. ജയമോഹന്‍ എന്നവരെയും പരിഗണിക്കുന്നുണ്ട്.

Content Highlights: Criticism for Mercykutty amma and Mukesh in Kollam District Secretariat